ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യന്‍ ചൈനീസ് സേനകള്‍ തമ്മിലുണ്ടായ ആക്രമത്തില്‍ ഒരു കേണലിനും രണ്ടു ജവാന്‍മാര്‍ക്കും വീരമൃത്യു. ഇന്ത്യ-ചൈന അതിര്‍ത്തിയായ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ഏറ്റുമുട്ടലുണ്ടായത്.
അതിര്‍ത്തിയിലെ സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ഇതിനിടെ ഗല്‍വാന്‍ വാനിയില്‍ ഇരുവിഭാഗം സൈനികരും മുഖാമുഖം വരികയും ചൈനീസ് സൈന്യം ആക്രമിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ ഗല്‍വാന്‍ താഴ്വരയില്‍ നിലയുറപ്പിച്ചിട്ടുള്ള ഇന്‍ഫന്‍ട്രി ബറ്റാലിയന്റെ കമാന്‍ഡിംഗ് ഓഫിസറാണു കൊല്ലപ്പെട്ട കേണല്‍. സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിനായി ഇരുഭാഗത്തേയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ യോഗം ചേരുകയാണെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ 1975-നുശേഷം സൈനികരുടെ മരണം ഇതാദ്യമായാണ്.
