തിരുവനന്തപുരം: കേരളത്തിലേക്ക് എത്തുന്ന പ്രവാസികൾക്കായി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സർക്കാർ തീരുമാനത്തിന് ഇളവ്. കോവിഡ് 19 പരിശോധനയില്ലാത്ത വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന പ്രവാസികൾക്ക് പിപിഇ കിറ്റ് ധരിച്ച് നാട്ടിലേക്ക് വരാനുള്ള അനുമതിയാണ് സർക്കാർ നൽകിയിരിക്കുന്നത്. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് പുതിയ തീരുമാനം. പിപിഇ കിറ്റുകൾ നൽകുന്നതിന് വിമാനക്കമ്പനികൾ സൗകര്യമൊരുക്കണം.
സൗദി, ഒമാൻ, ബെഹ്റിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ കോവിഡ് 19 പരിശോധന നടത്താൻ വളരെയേറെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. എന്നാൽ കോവിഡ് 19 പരിശോധനാ സൗകര്യമുള്ള രാജ്യങ്ങളിൽ നിന്ന് കോവിഡ് 19 പരിശോധനാ സർട്ടിഫിക്കറ്റ് തുടർന്നും നിർബന്ധമാക്കും.
എന്നാൽ പിപിഇ കിറ്റുകൾ നൽകുന്നതിന് വിമാനക്കമ്പനികൾ സൗകര്യമൊരുക്കുമെങ്കിലും അതിനുള്ള ചെലവ് ആര് വഹിക്കേണ്ടി വരും എന്നതിൽ വ്യക്തതയായിട്ടില്ല. എന്നുമുതൽ പുതിയ നിർദേശങ്ങൾ നടപ്പിലാക്കും എന്നതടക്കമുള്ള കാര്യങ്ങൾ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കുമ്പോൾ അറിയാൻ കഴിയും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കാനാണ് തീരുമാനം.
പിപിഇ കിറ്റ് വിമാനക്കമ്പനികൾ നൽകണമെന്നാണ് തീരുമാനമുണ്ടായതെങ്കിലും ഏതൊക്കെ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കാണ് പിപിഇ കിറ്റുകൾ നൽകേണ്ടത്, വിമാനക്കമ്പനികൾ എങ്ങനെയാണത് ലഭ്യമാക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കാൻ സെക്രട്ടറിതല സമിതി തിരുവന്തപുരത്ത് യോഗം ചേരുകയാണ്. ഇതിനുശേഷമായിരിക്കും വ്യക്തമായ മാർഗ നിർദേശങ്ങൾ പുറത്തിറക്കുക. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ തീരുമാനം പ്രാബല്യത്തിൽ കൊണ്ടുവരുന്ന തീയതി നീട്ടാനും ആലോചനയുണ്ട്. ഇന്ന് നടക്കുന്ന സെക്രട്ടറിതല ചർച്ചയിൽ അന്തിമതീരുമാനം ഉണ്ടാകും.
