Hot Posts

6/recent/ticker-posts

ബസ് ചാര്‍ജ്: വിധിക്കെതിരെ അപ്പീല്‍ പോകും- ഗതാഗത മന്ത്രി




തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്ത് താല്‍കാലികമായ് വര്‍ധിപ്പിച്ച ബസ് ചാര്‍ജ് കുറച്ച നടപടി സ്‌റ്റേ ചെയ്ത ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. വിധിയുടെ പകര്‍പ്പ് കിട്ടിയാലുടന്‍ പഠിച്ച ശേഷം ഇതിനുള്ള നടപടിയെടുക്കും. 

യാത്രക്കാരുടെ വശം കേള്‍ക്കാതെയുള്ള നടപടിയായി വേണം കോടതി വിധിയെ വിലയിരുത്താന്‍. യാത്രക്കാരുടെ ബുദ്ധിമുട്ടും ബസുടമകളുടെ പ്രതിസന്ധിയും സര്‍ക്കാര്‍ മനസ്സിലാക്കുന്നുണ്ട്. ബസ് ചാര്‍ജ് പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് രണ്ടാഴ്ചക്കുള്ളില്‍ ലഭിക്കും. അത് ഉടന്‍ നടപ്പാക്കുകയും ചെയ്യും. 

രണ്ടാഴ്ചക്കുള്ളില്‍ പുതിയ നിരക്ക് കൊണ്ടുവരണമെന്നാണ് ഹൈകോടതി വിധിയില്‍ പറയുന്നത് എന്ന് മനസ്സിലാക്കുന്നു. ചാര്‍ജ് നിര്‍ണയിക്കാനുള്ള സര്‍ക്കാര്‍ സംവിധാനം ശരിയാണെന്ന് കോടതിയും അംഗീകരിച്ചെന്നാണ് ഇത് അര്‍ഥമാക്കുന്നതെന്നും മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 

സര്‍ക്കാര്‍ തീരുമാ?നമെടുക്കും വരെ നിലവിലെ നിരക്കാണ് സ്വകാര്യ ബസുകളും ഈടാക്കേണ്ടത്. സംസ്ഥാനത്ത് ചാര്‍ജ് വര്‍ധന ഉണ്ടായേക്കുമെന്ന സൂചനയും മന്ത്രി നല്‍കി. കഴിഞ്ഞ മാസം 22നാണ് നിലവിലുണ്ടായിരുന്ന നിരക്കില്‍ 50 ശതമാനം വര്‍ധന വരുത്തി സര്‍ക്കാര്‍ ഉത്തരവിട്ടത്. തുടര്‍ന്ന് സ്വകാര്യബസുകള്‍ നിരത്തിലിറങ്ങിയിരുന്നു. എന്നാല്‍, ജൂണ്‍ ഒന്നിന് സര്‍ക്കാര്‍ ഈ നിരക്ക് വര്‍ധന പിന്‍വലിക്കുകയായിരുന്നു. 

Reactions