Hot Posts

6/recent/ticker-posts

കേരള ബ്ലാസ്റ്റേഴ്സിന്റെ കളികൾ ഇനി കോഴിക്കോടും ; കൊച്ചിയിൽ നിന്ന് ഹോം ഗ്രൗണ്ട് മാറുമോ?


കൊച്ചി : ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തിന്റെ മഞ്ഞപ്പടയായ കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിൽ കൊച്ചിക്കൊപ്പം കോഴിക്കോടും മത്സരങ്ങൾ കളിക്കും. ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ കോഴിക്കോട് EMS കോർപ്പറേഷൻ സ്റ്റേഡിയം അധികൃതരിൽ നിന്ന് അനുകൂല മറുപടിയാണ് ലഭിച്ചത്. മോഹൻ ബഗാനെ ഐ ലീഗ് ചാമ്പ്യന്മാരാക്കിയ കിബു വികുനയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകൻ. കഴിഞ്ഞ സീസണിൽ 18 കളികളിൽ 19 പോയിന്റുമായി ടീം ഏഴാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ മൂന്ന് സീസണിലും പ്ലേ ഓഫ് റൗണ്ടിലെത്താതെ ടീം പുറത്താവുകയായിരുന്നു. കഴിഞ്ഞ സീസണിലെ ദയനീയ പ്രകടനത്തിൽ നിന്ന് തിരിച്ചുവരവിനായി ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

ഹോം ഗ്രൗണ്ട് കൊച്ചിയിൽ നിന്ന് മാറ്റാനുള്ള ഒരു ചർച്ചയും കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ നടത്തുന്നില്ല. പകരം കൊച്ചിക്ക് പുറമെ കുറച്ച് മത്സരങ്ങൾ കോഴിക്കോട് കൂടി നടത്താനുള്ള ശ്രമം നടക്കുന്നുണ്ട്. പ്രീ സീസൺ സൗഹൃദമത്സരങ്ങൾ കോഴിക്കോട് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

കോഴിക്കോട് മത്സര നടത്തിപ്പിനായുള്ള അനുമതിയുമായി ബന്ധപ്പെട്ട് ബുധനാഴ്ച ക്ലബ്ബ് ഒഫീഷ്യൽസും കോഴിക്കോട് സ്റ്റേഡിയം അധികൃതരും തമ്മിൽ ചർച്ച നടന്നു. കഴിഞ്ഞ വർഷം നവംബറിൽ നടന്ന ചർച്ചകളുടെ തുടർച്ചയായാണ് ഈ ചർച്ച നടന്നത്. കോഴിക്കോട് കോർപ്പറേഷന്റെ കീഴിലുള്ളതാണ് EMS സ്റ്റേഡിയം. നിലവിൽ ഐ ലീഗ് ക്ലബ്ബ് ആയ ഗോകുലം കേരളയുടെ ഹോം ഗ്രൗണ്ട് ആണിത്. രണ്ട് ക്ലബ്ബുകൾക്കും ഒരേ സമയം ഹോം ഗ്രൗണ്ട് ആയി നൽകാനുള്ള സാധ്യത കുറവാണ്.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും മികച്ച ആരാധകക്കൂട്ടം ഉള്ള ക്ലബ്ബ് ആണ് കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ മൂന്ന് സീസണിലും ക്ലബ്ബിന്റെ പ്രകടനം ആരാധകരെ നിരാശയിലാക്കിയിട്ടുണ്ട്. മലബാറിലെ കാണികൾക്ക് ആവേശം പകരുവാൻ കൂടിയാണ് കോഴിക്കോട് കൂടി മത്സരങ്ങൾ വെക്കുന്നതിലൂടെ ടീം മാനേജ്‌മെന്റ് ലക്ഷ്യം വെക്കുന്നത്. ISL ൽ വരുന്ന സീസണിലെ ചില മത്സരങ്ങൾ ബ്ലാസ്റ്റേഴ്‌സ് കോഴിക്കോട് കളിക്കും.

കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബും കൊച്ചി കലൂർ സ്റ്റേഡിയം അധികൃതരും നിലവിൽ അത്ര സ്വരച്ചേർച്ചയിൽ അല്ല. കഴിഞ്ഞ സീസൺ അവസാനിപ്പിച്ചത് ഏറെ വിയോജിപ്പുകളോടെയാണ്. സ്റ്റേഡിയം ഉടമസ്ഥരായ GDCAയും കോർപ്പറേഷനും കേരള ഫുട്ബോൾ അസോസിയേഷനും ക്ലബ്ബിനോട് സഹകരിക്കുന്നില്ലെന്നതാണ് പ്രധാന കാരണം. എന്നാൽ കോഴിക്കോട് കോർപ്പറേഷൻ ബ്ലാസ്റ്റേഴ്സിനോട് അനുകൂല നിലപാടാണ് തുടക്കം മുതൽ എടുക്കുന്നത്. മത്സര നടത്തിപ്പിനായി സ്റ്റേഡിയത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കേണ്ടതുണ്ട്. ഇത് എത്രയും പെട്ടെന്ന് നടക്കുമെന്ന് കോർപ്പറേഷൻ വ്യക്തമാക്കിയിട്ടുണ്ട്.

Reactions