കോട്ടയം: അയര്‍ക്കുന്നത്തെ പള്ളി മേടയില്‍ നിന്ന് കാണാതായ വൈദികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുന്നത്തുറ സെന്റ് തോമസ് കത്തോലിക്ക ചര്‍ച്ച് (വെള്ളാപ്പള്ളി പള്ളി) വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ (55)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പള്ളിമുറ്റത്തു തന്നെയുള്ള കിണറ്റിലായിരുന്നു മൃതദേഹം. ഞായറാഴ്ച വൈകുന്നേരമാണ് ഫാ. ജോര്‍ജിനെ പള്ളിമേടയില്‍ നിന്നു കാണായത്. ഇദ്ദേഹത്തിന്റെ മുറിയുടെ വാതില്‍ ചാരിയിട്ട നിലയിലായിരുന്നു.
മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മേശയില്‍ തന്നെ വച്ചിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. പള്ളിയിലെ സിസിടിവി കാമറകള്‍ ഓഫ് ചെയ്ത നിലയിലാണ്. ഞായറാഴ്ച ഉച്ചവരെ പള്ളിമേടയില്‍ ഉണ്ടായിരുന്ന ഫാ. ജോര്‍ജിനെ കാണാതായ വിവരമറിഞ്ഞപ്പോള്‍ തന്നെ പോലീസും ഇടവകാംഗങ്ങളും തെരച്ചില്‍ ആരംഭിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ഇദ്ദേഹം എങ്ങോട്ടെങ്കിലും പോയിരിക്കുമന്നാണ് കരുതിയിരുന്നത്.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ വിശദമായി അന്വേഷണം നടത്തുമെന്ന് അയര്‍ക്കുന്നം പോലീസ് അറിയിച്ചു.
