കോട്ടയം: താഴത്തങ്ങാടിയില്‍ നടന്ന കൊലപാതകത്തിന് നടത്തിയത് ആസാമിലുള്ള കാമുകിയുടെ അടുത്തെത്താനെന്ന് പ്രതി മുഹമ്മദ് ബിലാലിന്റെ മൊഴി. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ആസാം സ്വദേശിനിയായ യുവതിയെ കാണുവാനുള്ള പണത്തിനായാണ് മോഷണം നടത്തിയതെന്ന് പ്രതി പോലീസിന് മൊഴി നല്‍കിയത്.
തിങ്കളാഴ്ച രാവിലെയാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സിലില്‍ ഷീബയെ (60) കൊലപ്പെടുത്തിയതും ഭര്‍ത്താവ് സാലിയെ (65) ഗുരുതരമായി പരിക്കേല്‍പിച്ചതും. മുന്‍ അയല്‍വാസിയും പരിചയക്കാരനുമായ മാലിപ്പറമ്പില്‍ മുഹമ്മദ് ബിലാല്‍ കൊലും കവര്‍ച്ചയും നടത്തിയശേഷം ഇവരുടെ പോര്‍ച്ചിലുണ്ടായിരുന്ന കാറുമായി രക്ഷപ്പെടുകയായിരുന്നു. കാര്‍ വഴിയില്‍ ഉപേക്ഷിച്ച ശേഷം ആലപ്പുഴയിലെത്തിയ പ്രതി ബിലാല്‍ ലോഡ്ജില്‍ മുറിയെടുത്തിരുന്നു. മൂണ്‍ റസിഡന്‍സി എന്ന ലോഡ്ജില്‍ മുറിയെടുത്ത് ഭക്ഷണം വരുത്തി കഴിച്ച ശേഷമാണ് പ്രതി എറണാകുളത്തേക്ക് പോയത്.
പ്രതിയെ ഞായറാഴ്ച ആലപ്പുഴയിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. പ്രതി തങ്ങിയ ലോഡ്ജില്‍ നിന്നും അന്വേഷണസംഘം തെളിവെടുത്തു. ഇവിടെ ആധാര്‍ കാര്‍ഡ് അടക്കം നല്‍കിയാണ് ബിലാല്‍ മുറിയെടുത്തിരുന്നത്. അതിനാല്‍ സംശയകരമായി ഒന്നും ഉണ്ടായിരുന്നില്ലെന്ന് േലാഡ്ജ് അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞദിവസം തണ്ണീര്‍മുക്കത്ത് നടത്തിയ തെളിവെടുപ്പില്‍ കൊല്ലപ്പെട്ട ഷീബയുടെ വീട്ടിലെ മൊബൈല്‍ ഫോണുകളും താക്കോല്‍ക്കൂട്ടങ്ങളും കത്തികളും കത്രികയും കണ്ടെടുത്തിരുന്നു. ദമ്പതിമാരെ അക്രമിച്ച ശേഷം കോട്ടയത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുന്നതിനിടെ തണ്ണീര്‍മുക്കം ബണ്ടില്‍നിന്ന് ഇവയെല്ലാം വേമ്പനാട്ട് കായലിലേക്ക് വലിച്ചെറിയുകയായിരുന്നു.
