ബെംഗളൂരു : കൊറോണ വൈറസ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ വൻ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. ഈ അവസരത്തിൽ പുകയില ഉൽപ്പന്നങ്ങൾക്ക് കോവിഡ് സെസ് ഏർപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. പൊതുജനാരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന സംഘങ്ങൾ, ഡോക്ടർമാർ, ആക്ടിവിസ്റ്റുകൾ, സാമ്പത്തിക വിദഗ്ധർ തുടങ്ങിയവർ ഈ ആവശ്യം ഉന്നയിച്ച് GST കൗൺസിലിന് കത്തയച്ചു. നികുതി വരുമാനം വർധിപ്പിക്കുന്നതിന് പുകയില ഉൽപ്പന്നങ്ങൾക്ക് പ്രത്യേക സെസ് ഏർപ്പെടുത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നു.
അസം, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സെസ് ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായി ഉയരുന്നത്. ബീഡി, സിഗരറ്റ്, പുകയില്ലാത്ത പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ വില സർക്കാർ ഉയർത്തണമെന്ന് കർണാടകയിലെ മൂവ്മെന്റ് ഫോർ യൂത്ത് അവയർനെസ് എന്ന കൂട്ടായ്‌മ ആവശ്യപ്പെട്ടു. സിഗരറ്റിന് 5 രൂപയും ബീഡിക്ക് 1 രൂപയും പുകയില്ലാത്ത പുകയില ഉൽപ്പന്നങ്ങൾക്ക് 50 ശതമാനവും വിലയാണ് ഉയർത്തേണ്ടത്. ഇങ്ങനെ വില ഉയർത്തുന്നതിലൂടെ 49,740 കോടി രൂപ അധിക വരുമാനം പ്രതീക്ഷിക്കുന്നു.
പുകയില ഉൽപ്പന്നങ്ങൾക്ക് 75 ശതമാനം വരെ നികുതി ചുമത്താം എന്നാണ് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നത്. ഇന്ത്യയിൽ സിഗരറ്റിന്റെ വിലയിൽ 49.5 ശതമാനം ആണ് നികുതി. ബീഡിക്ക് 20 ശതമാനവും പുക ഇല്ലാത്ത പുകയില ഉൽപ്പന്നങ്ങൾക്ക് 63.7 ശതമാനം നികുതിയും ആണ് ഉള്ളത്. രാജ്യത്ത് സിഗരറ്റ് വലിക്കുന്നവരുടെ രണ്ട് മടങ്ങോളം ആണ് ബീഡി വലിക്കുന്നവരുടെ എണ്ണം.
പുകയില ഉൽപ്പന്നങ്ങൾക്ക് സെസ് ഏർപ്പെടുത്തുന്നത് വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമല്ല, ഇങ്ങനെ നികുതി വർധിപ്പിക്കുന്നതിലൂടെ പുകവലിക്കുന്നവരുടെ എണ്ണവും കുറയ്ക്കാൻ സഹായിക്കും. സെസ് ഏർപ്പെടുത്തുന്നതിലൂടെ ബീഡി, സിഗരറ്റ്, പുകയില്ലാത്ത പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉപഭോഗം യഥാക്രമം 35, 17, 10 ശതമാനം ആയി കുറയ്ക്കുമെന്നും വിദഗ്ധർ പറഞ്ഞു.
