തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 449 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 144 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 18 കേസുകളും റിപ്പോർട്ട് ചെയ്തു. 62 പേർ ഇന്ന് രോഗമുക്തരായി.
രോഗം സ്ഥിരീകരിച്ചവരിൽ 140 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 64 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. അഞ്ച് ആരോഗ്യപ്രവർത്തകർ, ബിഎസ്ഇ 10, ബിഎസ്എഫ് ഒന്ന്, ഇന്തോ ടിബറ്റൻ ബോർഡർ ഫോഴ്സ് 77, അഗ്നിശമനസേന നാല്, കെഎസ്ഇയിലെ മൂന്ന് ഉദ്യോഗസ്ഥർക്കും രോഗം സ്ഥിരീകരിച്ചു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കൊല്ലം ജില്ലയിലെ 74 വയസുള്ള ത്യാഗരാജൻ, കണ്ണൂർ ജില്ലയിലെ 64 വയസുള്ള അയിഷ എന്നിവരാണ് മരിച്ചത്.
ആലപ്പുഴ- 119, തിരുവനന്തപുരം- 63 , മലപ്പുറം- 47, പത്തനംതിട്ട- 47, കണ്ണൂർ- 44 , കൊല്ല- 33, പാലക്കാട്- 19, കോഴിക്കോട്-16, എറണാകുളം- 15, വയനാട്- 14, കോട്ടയം- 10, തൃശൂർ- ഒന്പത്, കാസർഗോഡ്- ഒന്പത്, ഇടുക്കി- നാല് എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്.
സംസ്ഥാനത്തെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 223 ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 180594 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 713 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
