Hot Posts

6/recent/ticker-posts

സ്വർണക്കടത്ത്: പ്രതികളുടെ ഭാര്യമാരുടെ രഹസ്യമൊഴിയെടുക്കുന്നു




കൊച്ചി: നയതന്ത്ര ബാഗേജ് വഴി കോടികളുടെ സ്വർണം കടത്തിയ കേസിൽ പ്രതികളുടെ ഭാര്യമാരുടെ രഹസ്യമൊഴിയെടുക്കും. ഒന്നാംപ്രതി സരിത്തിന്‍റെയും നാലാം പ്രതി സന്ദീപ് നായരുടെയും ഭാര്യമാരുടെ മൊഴികളാണ് രേഖപ്പെടുത്തുക. സാക്ഷിയായ സ്ത്രീകളുടെ ജീവന് സംരക്ഷണം നൽകാൻ എൻ.ഐ.എ നടപടി തുടങ്ങി. ഭാര്യമാരുടെ മൊഴിയിലൂടെയാണ് പ്രതികൾക്ക് എതിരെ നിർണായക തെളിവ് ലഭിച്ചത്. പ്രതികൾ പതിനഞ്ചോളം പേരെ വിളിക്കാറുണ്ടെന്നും മൊഴിയുണ്ട്. ഈ പതിനഞ്ചുപേരും നീരീക്ഷണത്തിലാണ്. 

അതേസമയം, കേരളത്തിലെ കോൺസുലേറ്റി​​​ന്റെ വിലാസത്തിൽ സ്വർണം എത്തിയത്​ സംബന്ധിച്ച്​ യു.എ.ഇ അന്വേഷണം ഊർജിതമാക്കി. രാജ്യത്തി​​​​ന്റെ സൽപ്പേരിന്​ കളങ്കം വരുന്ന രീതിയിൽ നടന്ന സംഭവത്തിന്​ പിന്നിൽ പ്രവർത്തിച്ചവരും സഹായിച്ചവരും ആരെന്ന്​  കണ്ടെത്തുന്നതിനാണ്​ യു.എ.ഇയുടെ അന്വേഷണം. കോൺസുലേറ്റി​​​​ന്റെ വിലാസത്തിലുള്ള കാർഗോ ബാഗേജിൽ സ്വർണം എത്തിയതിനെ ഡിപ്ലോമാറ്റിക്​ ബാഗേജ്​ എന്ന്​ കരുതാനാവില്ല എന്ന വിലയിരുത്തലിലാണ്​ അധികൃതർ. ഇക്കാര്യം ഇന്ത്യയെ അറിയിക്കും. 

കോൺസുലേറ്റിലെ  ഒരു ഉദ്യോഗസ്ഥ​​​​ന്റെ വിലാസത്തിൽ മറ്റൊരു വ്യക്​തി അയച്ച പാക്കേജിന്​ ഡിപ്ലോമാറ്റിക്​ ഇമ്യൂണിറ്റി ഇല്ല എന്നും അധികൃതർക്ക്​ ഉത്തരവാദിത്വം ഇല്ല എന്നും നയതന്ത്ര വിദഗ്​ധർ വ്യക്​തമാക്കുന്നു. നയതന്ത്ര ഉദ്യോഗസ്ഥർക്ക് വ്യക്തിപരമായി എത്തുന്ന കാർഗോക്കും രാജ്യങ്ങൾ പ്രത്യേക പരിഗണന നൽകാറുണ്ട്. അതൊരു കീഴ്‌വഴക്കമാണ്.  അതിനപ്പുറത്തേക്കുള്ള പരിഗണന ആ ബാഗേജിന് നൽകേണ്ടതില്ല എന്നാണ് യു.എ.ഇയുടെ നിലപാട്.
Reactions