ജയ്പുർ: രാജസ്ഥാനിൽ ഉപമുഖ്യമന്ത്രി സ്ഥാനവും കോണ്ഗ്രസ് അധ്യക്ഷ പദവിയും നഷ്ടപ്പെട്ട സാഹചര്യത്തിൽ പ്രതികരണവുമായ് സച്ചിൻ പൈലറ്റ്. സത്യത്തെ അവഹേളിക്കാനാവും, എന്നാൽ തോൽപ്പിക്കാനാവില്ലെന്നു സച്ചിൻ പൈലറ്റ് പ്രതികരിച്ചു. കോണ്ഗ്രസ് നടപടിയെടുത്തതിനു തൊട്ടുപിന്നാലെയാണു സച്ചിന്റെ പ്രതികരണം.
കോണ്ഗ്രസ് ജയ്പൂരിൽ ചേർന്ന കോണ്ഗ്രസ് നിയമസഭാകക്ഷി യോഗത്തിലാണ് സച്ചിൻ പൈലറ്റിനെ സംസ്ഥാന കോണ്ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നും ഉപമുഖ്യമന്ത്രി പദത്തിൽ നിന്നും നീക്കാൻ തീരുമാനിച്ചത്. സച്ചിൻ പൈലറ്റുമായി അടുത്ത ബന്ധം പുലർത്തുന്ന വിശ്വേന്ദ്ര സിംഗ്, രമേശ് മീണ എന്നിവരെയും മന്ത്രിസഭയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. രാജസ്ഥാൻ പിസിസി അധ്യക്ഷനായി ഗോവിന്ദ് സിംഗ് ദൊസ്താരയെ നിയമിച്ചു.
സച്ചിൻ പൈലറ്റ് ബിജെപിയുമായി ചേർന്നു ഗൂഢാലോചന നടത്തിയെന്നു കോണ്ഗ്രസ് ആരോപിച്ചു. സച്ചിൻ പൈലറ്റിനൊപ്പമുള്ള എംഎൽഎമാർക്കെതിരേ നടപടി സ്വീകരിക്കുമെന്നും കോണ്ഗ്രസ് അറിയിച്ചു.
