കൊച്ചി: സ്വർണക്കടത്തു കേസുമായ് ബന്ധപ്പെട്ട് ആസൂത്രക സ്വപ്ന സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി വെച്ചു. ഓൺലൈനായ് പരിഗണിച്ച ഹർജി ചൊവ്വാഴ്ചത്തേക്കാണ് മാറ്റിയത്. എഫ്.ഐആറിന്റെ പകർപ്പ് സ്വപ്‌നയ്ക്ക് നൽകണമെന്നും കോടതി നിർദേശിച്ചു. അതേസമയം അറസ്റ്റ് കോടതി തടഞ്ഞിട്ടുമില്ല. ബുധനാഴ്ച ഓൺലൈനായാണ് സ്വപ്ന മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
അതേസമയം, സ്വപ്‌നയ്ക്കും സന്ദീപിനും സരിത്തിനും കള്ളക്കടത്തിൽ പങ്കുണ്ടെന്നും മുൻകൂർ ജാമ്യം നൽകരുതെന്നും എൻ.ഐ.എ കോടതിയിൽ ആവശ്യപ്പെട്ടു. തീവ്രവാദ പ്രവർത്തനങ്ങൾക്കായി പണം സംഭരിക്കാനാണ് കള്ളക്കടത്തെന്നും സ്വപ്നയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും കേന്ദ്രസർക്കാർ കോടതിയിൽ അറിയിച്ചു. തുടർന്ന് കോടതി ജാമ്യഹർജി ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
യു.എ.ഇ. കോൺസുലേറ്റിന്റെ നിർദേശ പ്രകാരമാണ് ബാഗേജിനായി ഇടപെട്ടതെന്നും തനിക്ക് സ്വർണക്കടത്തിൽ പങ്കില്ലെന്നും സ്വപ്ന ജാമ്യഹർജിയിൽ വ്യക്തമാക്കി. ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം കടത്തിയ കേസായതിനാൽ കസ്റ്റംസിന് അന്വേഷണത്തിന് പരിമിതികളുണ്ട്. അതിനിടയിലാണ് കോൺസുലേറ്റിന്റെമേൽ കുറ്റങ്ങൾ ചാരാനുള്ള നീക്കം നടത്തുന്നത്. കോൺസുലേറ്റിലെ കീഴ്ജീവനക്കാരെ ചോദ്യം ചെയ്യുന്നതിൽപോലും നയതന്ത്രപരമായ ഒട്ടേറെ തടസ്സങ്ങളുണ്ട്. അത് മനസ്സിലാക്കിയാണ് കോൺസൽ ജനറൽ പറഞ്ഞപ്രകാരം പ്രവർത്തിക്കുകമാത്രമാണ് താൻ ചെയ്തതെന്ന് സ്വപ്നയുടെ ജാമ്യഹർജിയിൽ പറയുന്നത്.
