തിരുവനന്തപുരം: കഴിഞ്ഞ ദിവസം കാണാതായ യു.എ.ഇ. കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാനെ കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തി. എആർ ക്യാമ്പിലെ പോലീസുകാരനായ ജയ്‌ഘോഷിനെയാണ് വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തിയത്.
തുമ്പയിലുള്ള ഭാര്യ വീട്ടിൽ നിന്നും വ്യാഴാഴ്ച വൈകീട്ട് മുതലാണ് ഗൺമാൻ ജയ്ഘോഷിനെ കാണാതായത്. മാനസിക സമ്മർദ്ദമുണ്ടെന്ന് പറഞ്ഞതിനെതുടർന്ന് വട്ടിയൂർക്കാവിൽ താമസിച്ചിരുന്ന ഇദ്ദേഹത്തെയും കുടുംബത്തെയും സഹോദരീഭർത്താവ് ഇടപെട്ട് കുടുംബവീടായ ആനയറയിൽ എത്തിച്ചിരുന്നു. വ്യാഴാഴ്ച രാത്രി ഏഴരയോടെ ഫോൺ വരുന്നുണ്ടെന്ന് പറഞ്ഞാണ് പുറത്തിറങ്ങിയത്. പിന്നീട് തിരികെ വന്നില്ല. ജയ്‌ഘോഷിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ തുമ്പ പോലീസിൽ പരാതി നൽകിയിരുന്നു.
ജയ്ഘോഷിൻറെ കൈവശമുണ്ടായിരുന്ന തോക്ക് പൊലീസ് ഇന്നലെ തിരിച്ചെടുത്തിരുന്നു. അറ്റാഷെ മടങ്ങിപ്പോയിട്ടും ഗൺമാൻ തോക്ക് തിരികെ നൽകാത്തതിനാലാണ് തോക്ക് തിരിച്ചെടുത്തത്. സ്വർണം കടത്തിയ ദിവസം അടക്കം നിരവധി തവണ ജയഘോഷ് കേസിലെ രണ്ടാം പ്രതിയായ സ്വപ്‌ന സുരേഷിനെ വിളിച്ചെന്ന് എൻ.ഐ.എ കണ്ടെത്തിയിരുന്നു.
താൻ നിരപരാധിയാണെന്നും തന്നെ കുടുക്കാൻ ശ്രമമുണ്ടെന്നും ഇദ്ദേഹം പറഞ്ഞതായി ബന്ധുക്കൾ വെളിപ്പെടുത്തിയിരുന്നു. പരിക്കേറ്റ ഇദ്ദേഹത്തെ പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റി.
