തിരുവനന്തപുരം: സ്വയം കുഴിച്ച കുഴിയിൽ ഏതെങ്കിലും ഉദ്യോഗസ്ഥരോ മറ്റുള്ളവരോ വീണിട്ടുണ്ടെങ്കിൽ അവരെ കരകയറ്റാനുള്ള ഒരു കൈയും സർക്കാരിൻറെ ഭാഗത്തു നിന്ന് നീളില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വർണക്കടത്ത് കേസുമായ് ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരേ കോടിയേരിയുടെ വിമർശനം. സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇപ്പോൾ ആക്ഷേപമുണ്ടാക്കിയ ശിവശങ്കർ യുഡിഎഫ് ഭരണകാലത്ത് മർമപ്രധാനമായ സ്ഥാനങ്ങളിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥനാണ്. ഭരണശേഷിയുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചത്. ആ വിശ്വാസത്തിന് കോട്ടം തറ്റുന്ന പെരുമാറ്റമുണ്ടായെന്നും കോടിയേരി ലേഖനത്തിൽ പറയുന്നു.
ചാരക്കേസ് സൃഷ്ടിച്ച് മുഖ്യമന്ത്രിയെ രാജിവെപ്പിച്ച ചരിത്രം കേരളത്തിൽ ആവർത്തിക്കില്ലെന്നും സ്വർണക്കടത്തുകേസ് വരും തെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിക്ക് തിരിച്ചടിയാവില്ലെന്നും ലേഖനത്തിൽ പറയുന്നു.
