തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി. സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തേക്കും. ശിവശങ്കറിനെതിരായ അന്വേഷണ റിപ്പോർട്ട് ചീഫ് സെക്രട്ടറി ഇന്ന് സമർപ്പിക്കും.
സിവിൽ സർവീസ് ഉദ്യോഗസ്ഥൻ പാലിക്കേണ്ട ചട്ടങ്ങൾ ശിവശങ്കർ ലംഘിച്ചതായും,അന്വേഷണത്തിൽ ശിവശങ്കറിന് ജാഗ്രക്കുറവുണ്ടായെന്നുമാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ വിലയിരുത്തൽ. 2000-ലാണ് ശിവശങ്കറിന് ഐഎഎസ് കണ്ഫർമേഷൻ ലഭിക്കുന്നത്.
ശിവശങ്കര്‍ സര്‍വീസില്‍ തുടരുന്നത് സര്‍ക്കാരിനും മുന്നണിക്കും കളങ്കമേല്‍പ്പിക്കുമെന്ന പൊതുവിലയിരുത്തലാണ് പാര്‍ട്ടിക്കും സര്‍ക്കാരിനുമുള്ളത്. നടപടിയെടുക്കാൻ പര്യാപ്തമായ വസ്തുതകളില്ല എന്ന നിലപാടിലായിരുന്നു ഇതുവരെ സർക്കാർ. എന്നാൽ, രാഷ്ട്രീയ സമ്മർദം മുറുകുന്ന സാഹചര്യത്തിലാണ് നടപടി എന്നതിലേക്ക് സർക്കാർ എത്തുന്നത്. നിലവിലെ സാഹചര്യം പാർടിയിലെ മുതിർന്ന നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച ചെയ്തു.
