Hot Posts

6/recent/ticker-posts

സ്വർണക്കടത്ത്: സ്വപ്നയുടെ പങ്ക് വ്യക്തം; യു.എ.പി.എ ചുമത്തി



കൊച്ചി: നയതന്ത്ര ബാഗേജ് വഴി കോടികളുടെ സ്വർണം കടത്തിയ കേസിൽ യു.എ.പി.എ ചുമത്തി. തീവ്രവാദ പ്രവർത്തനവും ഇതിനായി പണം സമ്പാദിക്കലുമടക്കം വകുപ്പുകൾ ചേർത്താണ് കേസെടുത്തതെന്ന് എൻ.ഐ.എ കോടതിയിൽ വ്യക്തമാക്കി. അതിനാൽ, മുൻകൂർ ജാമ്യ ഹരജി ഹൈകോടതിക്ക് പരിഗണിക്കാനാവില്ലെന്ന് വിവിധ കോടതി ഉത്തരവുകൾ ഉദ്ധരിച്ച് ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാറിന് വേണ്ടി അഡ്വ. രവി പ്രകാശ് ഡൽഹിയിൽ നിന്നാണ് വിഡിയോ കോൺഫറൻസിംഗ് വഴി നിലപാട് വ്യക്തമാക്കിയത്. 

എന്നാൽ, ആരോപണങ്ങൾ എന്തൊക്കെയെന്ന് വ്യക്തതയില്ലെന്നും എഫ്.ഐ.ആർ പകർപ്പ് ലഭിച്ചിട്ടില്ലെന്നും ഹർജിക്കാരി സ്വപ്നയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. 

കള്ളക്കടത്ത് സംബന്ധിച്ച് വിവരം നൽകിയവർ നൽകിയ പേരുകളിൽ ഒന്ന് സ്വപ്നയുടേതായിരുന്നെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഈ വിവരത്തിൻെറ അടിസ്ഥാനത്തിലുള്ള കരുനീക്കങ്ങളെ തുടർന്നാണ് സ്വർണം പിടിച്ചത്. അന്വേഷണം നടത്തിയവരും സ്വപ്നയുടെ പങ്കാളിത്തം വ്യക്തമാക്കിയിട്ടുണ്ട്. സ്വർണ കടത്തിൽ അവർക്ക് പങ്കുണ്ട്. ഇതുമായി ബന്ധപ്പെട്ട കടലാസു ജോലികൾ പൂർത്തിയാക്കാനും കൊണ്ടു വന്ന സ്വർണം വിട്ടു കിട്ടാനും വേണ്ടി ശ്രമം നടത്തിയത് സ്വപ്നയാണ്. പിടിയിലായ പ്രതിയുടെ മൊഴിയിലും സ്വപ്നക്ക് പങ്കുള്ളതായി പറയുന്നുണ്ട്. 

സ്വർണം പിടികൂടിയത് മുതൽ ഫോൺ ഓഫ് ചെയ്ത് ഇവർ ഒളിവിൽ പോയത്​ സംശയമുണ്ടാക്കുന്ന പ്രവൃത്തിയാണ്. പ്രതികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്ത് പൂർണമായ അന്വേഷണം നടത്തിയാലേ ഹരജിക്കാരി നിരപരാധിയാണോയെന്ന് പറയാനാവൂ. അന്വേഷണം അതിൻെറ പ്രാരംഭ ദിശയിലാണ്. സ്വാധീനമുള്ളവർക്കും കേസിൽ പങ്കുള്ളതായാണ് വ്യക്തമാകുന്ന​െതന്നും അഡ്വ രവി പ്രകാശ്​ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ ഒമ്പതേ കാലോടെ സ്വർണ കടത്ത്  കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി എൻ.ഐ.എ വ്യക്തമാക്കി. നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ പ്രകാരം തീവ്രവാദ പ്രവർത്തനം, തീവ്രവാദ പ്രവർത്തനത്തിന് പണം സമ്പാദിക്കൽ, ഗൂഡാലോചന തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തിട്ടുള്ളത്. രാജ്യത്തിൻെറ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്നതും രാജ്യ സുരക്ഷക്ക് ഭീഷണിയുമായ സംഭവമാണിതെന്ന് കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

എഫ്.ഐ.ആർ പകർപ്പ് ലഭ്യമാക്കണമെന്നും ഇതിന് മറുപടി നൽകാൻ സമയം അനുവദിക്കണമെന്നമെന്നും സ്വപ്​നക്ക്​ വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്ന് ഹർജി വീണ്ടും 14ന് പരിഗണിക്കാനായി ജസ്റ്റിസ് അശോക് മേനോൻ മാറ്റി.
Reactions