കൊച്ചി: കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരാൾകൂടി മരിച്ചു. ഹൃദയാഘാതം വന്ന് കഴിഞ്ഞ ദിവസം മരിച്ച പുല്ലുവഴി പൊന്നയംമ്പിള്ളിൽ പി.കെ ബാലകൃഷ്ണൻ നായർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ബാലകൃഷ്ണന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 29 ആയി.
ഉറവിടം അറിയാത്ത കേസായതിനാൽ ആരോഗ്യപ്രവർത്തകർ ജാഗ്രതയിലാണ്. മരിച്ചയാളുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ പട്ടിക ആരോഗ്യപ്രവർത്തകർ തയാറാക്കിവരുന്നു. ആരോഗ്യവകുപ്പ് അധികൃതർ ഇയാളുമായി സമ്പർക്കമുള്ളവരുടെ സ്രവം ശേഖരിച്ചു.
ആരോഗ്യ വകുപ്പ് അധികൃതർ രായമംഗലം പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചു. തുടർന്ന് കുറുപ്പംപടി പൊലീസും ആരോഗ്യ വകുപ്പും ബാലകൃഷ്ണന്റെ വീട്ടിലെത്തി ബന്ധുക്കളുടെ സ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രണ്ട് ദിവസം മുമ്പാണ് നെഞ്ച് വേദനയെത്തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജിൽ ഇയാളെ പ്രവേശിപ്പിച്ചത്.
