തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പല അഴിമതികളുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. കേസിലെ പ്രതികളെ രക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
കഴിഞ്ഞ നാലര വർഷക്കാലം കേരളത്തിന്റെ പൊതുസ്വത്ത് കൊള്ളയടിച്ച് നാടിനെ മുടിച്ച ഒരു മുഖ്യമന്ത്രിക്ക് കൂട്ടുനിന്ന പ്രിൻസിപ്പൽ സെക്രട്ടറിയെയാണ് പുറത്താക്കിയത്. മുഖ്യമന്ത്രിക്ക് ഈ ഉദ്യോഗസ്ഥനുമായുള്ള അടുത്ത ബന്ധത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം കണ്ണടച്ച് പാല് കുടിക്കുകയായിരുന്നുവെന്നത് വ്യക്തമാണെന്നും ചെന്നിത്തല പറഞ്ഞു.
സ്വപ്‌ന സര്‍ക്കാരിന്റെ ഉദ്യോഗസ്ഥയല്ല., ഐടി വകുപ്പ് ഉദ്യോഗസ്ഥയല്ല എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്. അവര്‍ ഐടി വകുപ്പ് ജീവനക്കാരിയല്ല. പകരം മുഖ്യമന്ത്രിയുടെ തന്നെ വകുപ്പായ സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പിന്റെ കീഴിലുള്ള ഒരു സ്ഥാപനത്തിലാണ് സ്വപ്‌ന ജോലി ചെയ്യുന്നത്.
ജനുവരി 31, ഫെബ്രുവരി ഒന്ന് തീയതികളില്‍ തിരുവനന്തപുരത്ത് റാവീസ് ലീല ഹോട്ടലില്‍ നടന്ന എഡ്ജ് 20-20 സ്‌പേസ് കോണ്‍ക്ലേവിന്റെ മുഖ്യസംഘാടക സ്വപ്‌നയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്വപ്‌നയാണ് ക്ഷണക്കത്ത് അയച്ചത്. ഫെബ്രുവരി ഒന്നിന് വൈകുന്നേരം മുഖ്യമന്ത്രി പങ്കെടുത്ത നാലുമണി മുതല്‍ നടന്ന പരിപാടിയില്‍ ഇവരും ഉണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സ്‌പേസ് കോണ്‍ക്ലേവില്‍ ക്ഷണക്കത്ത് അയച്ചത് സ്വപ്‌നയായിരുന്നു. മുഖ്യനടത്തിപ്പ് നിര്‍വഹിച്ചതും ധാരണാപത്രം കൈമാറിയതും സ്വപ്‌നയായിരുന്നു.
കേരള മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിനു കീഴിലുള്ള സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ സ്‌പേസ് പാര്‍ക്കില്‍ ആദ്യമായാണ് ഇങ്ങനെ ഒരു പരിപാടി നടക്കുന്നത്. ഇതിന്റെ മുഖ്യസംഘാടകയായ ഈ വ്യക്തിയെ അറിയില്ലെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുമോ എന്നും ചെന്നിത്തല ചോദിച്ചു.
സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് പൊലീസോ ജി.എസ്.ടി ഉദ്യോഗസ്ഥരോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സ്വർണ കള്ളക്കടത്ത് കേസിൽ പൊലീസ് കുറ്റകരമായ മൗനം അവലംബിച്ചു. ഐ.ടി വകുപ്പിലും മുഖ്യമന്ത്രിയുടെ വകുപ്പുകളിലും അവിശുദ്ധമായ ഇടപെടലുകൾ നടക്കുന്നതായ വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ സി.ബി.ഐ അന്വേഷണ പരിധിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി ഉൾപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സർക്കാർ കാറിലാണ് സ്വർണം കടത്തിയതെന്ന് വാർത്തകൾ പുറത്തു വരുന്നു. ഇതിന്റെ സത്യാവസ്ഥ അന്വേഷണത്തിലൂടെ പുറത്തു വരട്ടെ. സ്പ്രിംഗ്ലർ, ബെവ് ക്യൂ ആപ്പ്, പമ്പയിലെ മണൽ വാരൽ, ഇ-മൊബിലിറ്റി തുടങ്ങിയവയിലെ അഴിമതികൾ തങ്ങൾ പുറത്തുകൊണ്ടു വന്നിരുന്നു. ഇവയുടെയെല്ലാം പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആയിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
