Hot Posts

6/recent/ticker-posts

സ്വർണക്കടത്ത്: സ്വപ്‌നയും സന്ദീപും കുറ്റം സമ്മതിച്ചു



കൊച്ചി: സംസ്ഥാനത്തെ നടുക്കിയ സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷും സന്ദീപും കുറ്റം സമ്മതിച്ചു. സ്വർണക്കടത്തിന്റെ മുഖ്യകണ്ണി റമീസാണെന്നും എൻഐഎ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ടെലഗ്രാം, വാട്‌സ് ആപ്പ് എന്നിവയിലൂടെ പിടിയിലാകുന്നതിന് മുമ്പ് പ്രതികൾ അയച്ച സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. 

രാജ്യത്തെ സ്ഥിതികൾ ഉപയോഗപ്പെടുത്തി ലോക്ഡൗൺ സമയത്ത്  കൂടുതൽ സ്വർണം കൊണ്ടുവരാൻ ശ്രമിച്ചതും, ആശയം മുൻപോട്ട് വെച്ചതും റമീസാണെന്ന് സന്ദീപ് വെളിപ്പെടുത്തി. വിദേശത്തുള്ള കള്ളക്കടത്ത് സംഘങ്ങളുമായി റമീസിന് അടുത്ത ബന്ധമുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ആറ് മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുമാണ് സ്വപ്‌ന സുരേഷിൽ നിന്ന് എൻഐഎ പിടിച്ചെടുത്തത്. ഇവ വിശദമായി പരിശോധിച്ചു. ഇതിൽ രണ്ട് മൊബൈൽ ഫോണുകൾ ഫേസ് ലോക്ക് ചെയ്തിട്ടുള്ളവയാണ്. ഇവ രണ്ടും സ്വപ്‌നയുടെ സാന്നിധ്യത്തിൽ തുറന്ന് പരിശോധിച്ചു. ഇതിൽ ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ വിശദമായി പരിശോധിച്ചു.

സ്വർണം കസ്റ്റംസ് തടഞ്ഞുവെക്കുന്നതു മുതൽ  ഇവർ പിടിയിലാകുന്നതിന് മുമ്പുവരെയുള്ള സന്ദേശങ്ങൾ ടെലഗ്രാം, വാട്ട്‌സ് ആപ്പ് അക്കൗണ്ടുകളിൽ ഉണ്ടായിരുന്നുവെന്നാണ് എൻഐഎ പറയുന്നത്. ഇതിൽ സുപ്രധാനമായ ചാറ്റുകൾ ഇവർ ഡിലീറ്റ് ചെയ്തിരുന്നു. ഇവ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

സ്വപ്‌ന സുരേഷ് യുഎഇ പ്രതിനിധിയുമായി നടത്തിയ ചാറ്റുകളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ കേസിലെ ഗൂഡാലോചന സംബന്ധിച്ച വീശദാംശങ്ങൾ സന്ദീപ് നായർ വിശദീകരിച്ചു. ഇരുവരും ചേർന്ന് നടത്തിയ ഗൂഢാലോചനകൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചുവെന്നാണ് എൻഐഎ പറയുന്നത്.

നേരത്തെ കസ്റ്റംസും സമാനമായ കണ്ടെത്തലാണ് നടത്തിയത്. ഇത് സ്ഥിരീകരിക്കുന്ന റിപ്പോർട്ടാണ് എൻഐഎയുടേത്. സ്വർണക്കടത്തിന്റെ സാമ്പത്തിക വശങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത് കെ.ടി റമീസും അതോടൊപ്പം മുവാറ്റുപുഴ സ്വദേശികളായ ജലാൽ അടക്കമുള്ളവരുമാണ്. കള്ളക്കടത്തിലൂടെ ഇവർ സമ്പാദിച്ച തുക ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചുവെന്ന് സംശയമുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

സ്വപ്‌ന സുരേഷ് സ്വർക്കടത്തുവഴി ലഭിച്ച പണം പലരൂപത്തിലാണ് നിക്ഷേപിച്ചത്. ബാങ്കിലും അല്ലാതെയുമുള്ള നിക്ഷേപങ്ങൾ സംബന്ധിച്ച വിവരങ്ങളും ഇവർ എൻഐഎയ്ക്ക് നൽകി. ഇക്കാര്യങ്ങൾ പരിശോധിച്ച് വരികയാണെന്നും എൻ.ഐ.എ പറയുന്നു. 
Reactions