തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ആറന്മുള വള്ളസദ്യ ഉപേക്ഷിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ. എൻ. വാസുവാണ് ഇക്കാര്യമറിയിച്ചത്. ബോർഡ് തീരുമാനം ആറന്മുള പള്ളിയോട സേവാ സംഘത്തെ അറിയിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ കീഴിലുള്ള ക്ഷേത്രങ്ങളിൽ നാലമ്പലത്തിൻറെ പുറത്തു നിന്ന് ഭക്തർക്ക് ദർശനം നടത്താമെന്നും എൻ. വാസു വ്യക്തമാക്കി.
അഭീഷ്ടസിദ്ധിക്കായി ഭക്തർ ആറന്മുളയപ്പനായ പാർഥസാരഥിക്ക് നൽകുന്ന വഴിപാടാണ് വള്ളസദ്യ. പള്ളിയോടങ്ങൾക്കാണ് വള്ളസദ്യയൊരുക്കുന്നത്. വഴിപാടുകാർ ക്ഷേത്രത്തിലെ കൊടിമരച്ചുവട്ടിൽ പറയിട്ടശേഷം ദക്ഷിണവെച്ച് ശ്രീകോവിലിൽ നിന്ന് പൂമാല ജപിച്ചുവാങ്ങും. ഇതുമായി ക്ഷേത്രത്തിന് മുന്നിലുള്ള കടവിലെത്തി പള്ളിയോടം തുഴഞ്ഞുവരുന്ന തുഴക്കാരെ സ്വീകരിച്ചാനയിച്ച് സദ്യാലയത്തിലേക്ക് കൊണ്ടുവരും.
കരനാഥന്മാർ വെറ്റിലയും പുകയിലയും ദക്ഷിണ നൽകി ക്ഷേത്രത്തിലേക്കാനയിക്കും. ക്ഷേത്രത്തിൽ പൂജിച്ച മാല പള്ളിയോടത്തിൻറെ അമരത്തിൽ ചാർത്തും. പള്ളിയോടക്കാരും വഴിപാടുകാരും ഒന്നിച്ച് ക്ഷേത്രം വലംവെച്ചശേഷമാണ് വള്ളസദ്യ നടക്കുക.
