കൊച്ചി: കോവിഡ് കാലത്ത് ആശ്വാസവുമായ് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും ഏർപ്പെടുത്തിയ മോറട്ടോറിയം നിരസിച്ച് കൊണ്ട് മണപ്പുറം ഫിനാൻസ് കമ്പനി വാഹനങ്ങൾ പിടിച്ചെടുത്തതായ് പരാതി. ജൂൺ ,ജൂലൈ മാസത്തെ വായ്പാ തിരിച്ചടവ് മുടങ്ങിയ വാഹനങ്ങളാണ് ഇത്തരത്തിൽ കടത്തി കൊണ്ട് പോയിരിക്കുന്നതായ് ആരോപിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് കമ്പനിയുടെ കലൂർ ശാഖയിൽ കോൺട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ പ്രവർത്തകർ പ്രതിഷേധവുമായി ഒത്തുചേർന്നു.
ഓട്ടം ഇല്ലാത്തത് കൊണ്ട് നികുതി ഒഴിവാക്കുന്നതിന് ഫോം ജി നൽകിയ വാഹനമാണ് ആർ ടി ഒ വകുപ്പിൻ്റെ അനുമതി പോലും നൽകാതെ കടത്തി കൊണ്ട് പോയത്. കലൂർ സ്റ്റേഡിയത്തിന് സമീപത്ത് നിന്ന് അപ്രത്യക്ഷമായ ടൂറിസ്റ്റ് ബസ് കളവ് പോയതാണെന്ന് വിചാരിച്ച് ഉടമ വെള്ളിയാഴ്ച്ച പൊലീസിൽ പരാതി കൊടുത്തിരുന്നു. എന്നാൽ പിന്നീട് അന്വേഷണത്തിലാണ് ഇത്തരം അന്യായം കമ്പനി നടത്തിയത് ശ്രദ്ധയിൽ പെട്ടതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
വാഹനത്തിൻ്റെ വായ്പ രേഖകളും കുടിശിഖനോട്ടിസും, വാഹനം പിടിക്കുന്നതിന് അനുവാദം വാങ്ങിയതിൻ്റെ രേഖകളും ആവശ്യപ്പെട്ടെങ്കിലും മാനേജർ നൽകാൻ കൂട്ടാക്കിയില്ല. തുടർന്ന് നടന്ന ചർച്ചയിൽ തിങ്കളാഴ്ച്ച രേഖകൾ നൽകാമെന്ന ഉറപ്പ് നൽകി.ഇത്തരം അനധികൃത പ്രവർത്തികളിൽ നിന്നും പിന്മാറാതെ മനുഷത്വമില്ലാതെ ഗുണ്ടകളെ ഉപയോഗിച്ച് പ്രവർത്തിക്കാനാണ് കമ്പനിയുടെ തീരുമാനമെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് സി സി ഒ എ സംസ്ഥാന പ്രസിഡൻ്റ് ബിനു ജോൺ അറിയിച്ചു.
സംസ്ഥാന പ്രസിഡൻ്റ് ബിനു ജോൺ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ അനൂപ് അശോകൻ, ട്രഷറർ ജിജോ അഗസ്റ്റിൻ , വൈസ് പ്രസിഡൻ്റ് ബിപിൻ ,ജോയിൻ്റ് സെക്രട്ടറി വർഗീസ് ട്രൂ വേ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
