തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ സംശയത്തിന്റെ നിഴലിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വർണം കടത്തിയത് നയതന്ത്രബാഗിലല്ല എന്നാണ് മുരളീധരൻ പറഞ്ഞത്. എന്നാൽ നയതന്ത്രബാഗിലാണെന്നു എൻഐഎ പറയുന്നത്.
സ്വർണക്കടത്ത് കേസിലെ ആസൂത്രകരിലേക്കും ഗൂഢാലോചനക്കാരിലേക്കും വിരൽചൂണ്ടുന്ന ഈ ഇടപെടലിനെ വെള്ളപൂശാനാണോ മുരളീധരന്റെ പ്രസ്താവന എന്ന സംശയം അസ്ഥാനത്തല്ല. വിദേശകാര്യ സഹമന്ത്രിയായി തുടരുന്നത് ഉചിതമാണോയെന്ന് അദ്ദേഹം ആലോചിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
ഈ സ്വർണക്കടത്ത് പുറത്തുവന്നയുടൻ പലർക്കുമെതിരേ വിരൽചൂണ്ടി തെളിവുണ്ടെന്ന് അവകാശപ്പെട്ടവർ ഏറെയാണ്. അവരെല്ലാം തെളിവുകൾ അന്വേഷകർക്ക് കൈമാറണം. എൽഡിഎഫ് സർക്കാരിനെതിരേ ബിജെപി-യുഡിഎഫ് കൂട്ടുകെട്ട് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വിവാദങ്ങളുടെ പുകമറയുയർത്തുന്നവർ യതാര്‍ഥ കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്നും കോടിയേരി ആരോപിച്ചു.
