മൂന്നാർ: രാജമല പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. 12 പേരെ രക്ഷപ്പെടുത്തി. ഇവരെ മൂന്നാർ ഹൈറേഞ്ച് ടാറ്റ ആശുപത്രിയിലെത്തിച്ചു. ഇതിൽ ഗുരുതരാവസ്ഥയിലുള്ള ഒരാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മൂന്ന് ലൈനുകളിലായി 85 പേരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. തമിഴ് തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്.
അഞ്ച് പുരുഷന്മാരും ഒരു സ്ത്രീയും രണ്ട് കുട്ടികളുമാണ് മരിച്ചത്. ജില്ല ഭരണക്കൂടുത്തിൻറെ കണക്ക് പ്രകാരം 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
അഗ്നിശമനസേനയും പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. എൻഡിആർഎഫിൻറെ സംഘവും സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.
ഇന്നു പുലർച്ചെയാണ് മൂന്നാർ രാജമലയിലെ പെട്ടിമുടിയിൽ മണ്ണിടിഞ്ഞത്. ഇടമലക്കുടിയിലേക്കു പോകുന്ന വഴിയിലാണ് രാജമല. ഇവിടെ മൂന്നു ലയങ്ങളുടെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു.
മണ്ണിടിച്ചിൽ ഉണ്ടായ രാജമല മേഖലയിൽ മൊബൈൽ റേഞ്ച് ഇല്ലാത്തതിനാൽ അപകടമുണ്ടായ വിവരം പുറം ലോകത്തെത്താനും വൈകി. ബിഎസ്എൻഎൽ പ്രദേശത്ത് ഉടൻ ടവർ സ്ഥാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
