തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മാത്രം 1,530 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴ് മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് 27 ന് മരിച്ച തിരുവനന്തപുരം വെട്ടുതുറ സ്വദേശി സ്റ്റെല്ലസ് (52), കന്യാകുമാരി സ്വദേശി ഗുണമണി (65) , കൊല്ലം എടമണ്‍ സ്വദേശിനി രമണി (70) , കോഴിക്കോട് മണ്‍കാവ് സ്വദേശി അലികോയ (66) , ഓഗസ്റ്റ് 28ന് മരിച്ച തിരുവനന്തപുരം തിരുമല സ്വദേശി ജോണ്‍ (83), തിരുവനന്തപുരം ചായിക്കോട്ടുകോണം സ്വദേശി സുരേഷ് (32), ഓഗസ്റ്റ് 21ന് മരിച്ച കോഴിക്കോട് പുതിയങ്ങാടി സ്വദേശി കെ.ടി അബൂബക്കര്‍ (64) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ ആകെ മരണം 294 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 80 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1367 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 136 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 8, തിരുവനന്തപുരം ജില്ലയിലെ 7, കണ്ണൂര്‍ ജില്ലയിലെ 5, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 3 വീതവും, കൊല്ലം, പാലക്കാട്, കാസര്‍കോട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1,693 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.