മൂന്നാർ: പെട്ടിമുടി ദുരന്തത്തിൽ മരിച്ച 16 പേരുടെ മൃതദേഹങ്ങൾ കൂടി ഇന്ന് കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി. ശനിയാഴ്ച 26 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു.
മണ്ണിനടിയിൽ പെട്ടവർക്കുവേണ്ടി എൻ.ഡി.ആർ.എഫിന്റെ നേതൃത്വത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്. പത്ത് ഹിറ്റാച്ചികൾ ഉപയോഗിച്ച് മണ്ണും കല്ലും നീക്കുന്നുണ്ട്. ചെളിയും മണ്ണും സമീപത്തെ പുഴയിലേക്ക് ഒഴുക്കി വിട്ടതിനുശേഷമാണ് മൃതശരീരങ്ങൾക്കു വേണ്ടി തിരച്ചിൽ നടത്തുന്നത്. മൂന്നുദിവസം കൂടി തിരച്ചിൽ നടത്തുമെന്നാണ് എൻ.ഡി.ആർ.എഫ്. അറിയിച്ചുള്ളത്.
കേന്ദ്രമന്ത്രി വി. മുരളീധരൻ, വനംമന്ത്രി കെ.രാജു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഷാഫി പറമ്പിൽ എം.എൽ.എ., ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തുടങ്ങിയവർ ദുരന്തസ്ഥലം സന്ദർശിച്ചു.
വ്യാഴാഴ്ച രാത്രി 10.45നാണ് കണ്ണൻദേവൻ പ്ലാന്റേഷനിലെ തൊഴിലാളികൾ താമസിച്ചിരുന്ന ലയങ്ങളുടെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്. ഉൾപ്രദേശം ആയതിനാൽ ദുരന്തം ഏറെ വൈകിയാണ് പുറംലോകം അറിഞ്ഞത്.
