ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മരണവും രോഗബാധിതരുടെ എണ്ണവും കുതിച്ചുയരുന്നത് വൻ ആശങ്ക സൃഷ്ടിക്കുന്നു. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 54,735 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും, ആകെ രോഗബാധിതരുടെ എണ്ണം 17 ലക്ഷം കടക്കുകയും ചെയ്തു. 853 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്.
ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 37,364 ആയി. 11.45 ലക്ഷത്തിൽപരം ആളുകൾ ഇതിനകം കോവിഡിൽ നിന്ന് മുക്തി നേടി. 65.43 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇതുവരെ 1,98,21,831 സാമ്പിളുകൾ പരിശോധിച്ചു കഴിഞ്ഞു.
കോവിഡ് രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയിൽ 1,49,214 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 15,316 പേർ മരണത്തിന് കീഴടങ്ങി. ശനിയാഴ്ച വരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,31,719 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
തമിഴ്നാട്ടിൽ 4034 പേരാണ് കോവിഡ് മൂലം മരിച്ചത്. തമിഴ്നാട് തലസ്ഥാനമായ ചെന്നൈയെയാണ് കോവിഡ് മോശമായി ബാധിച്ചത്. ലക്ഷത്തിലധികം ആളുകൾക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
