Hot Posts

6/recent/ticker-posts

രാജ്യത്ത് കോവിഡ് രോ​ഗികൾ 21 ലക്ഷം കടന്നു

ന്യൂഡൽഹി: രാജ്യത്ത് പിടിതരാതെ കൊറോണ ആശങ്ക സ്യഷ്ടിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 64,399 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 21,53,011 ആയി. തുടർച്ചയായി മൂന്നാം ദിവസവമാണ് കോവി‍ഡ് രോ​ഗികളുടെ എണ്ണം 60,000 മുകളിൽ എത്തുന്നത്. 24 മണിക്കൂറിനുള്ളിൽ 861 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധയെത്തുടർന്ന് രാജ്യത്തെ മരണം 43,379 ആയി വർധിച്ചു. 2.01 ആണ് രാജ്യത്തെ കോവിഡ് മരണനിരക്ക്.

നിലവിൽ 6,28,747 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 14,80,885 പേർ രോഗ മുക്തരായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 68.78 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്. ഓഗസ്റ്റ് എട്ട് വരെ 2,41,06,535 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 7,19,364 സാമ്പിളുകൾ പരിശോധിച്ചെന്നും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് അറിയിച്ചു.

രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ നിരക്കിൽ വർധനവുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗമുക്തി നിരക്ക് 68 ശതമാനത്തിലെത്തി. മരണനിരക്ക് രണ്ട് ശതമാനത്തിലേക്ക് താഴ്ന്നെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക, ഡൽഹി, യു.പി എന്നിവയാണ് കോവിഡ് കേസുകളിൽ മുന്നിട്ടുനിൽക്കുന്ന സംസ്ഥാനങ്ങൾ. കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയിൽ ശനിയാഴ്ച രോഗികളുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ടു. 1,47,355 പേരാണ് മഹാരാഷ്ട്രയിൽ നിലവിൽ ചികിത്സയിലുള്ളത്. 

Reactions