ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 53,601 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 22,68,676 ആയി. 24 മണിക്കൂറിനുള്ളിൽ 871 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധയെത്തുടർന്ന് രാജ്യത്തെ മരണം 45,257 ആയി വർധിച്ചു.
രാജ്യത്തെ കോവിഡ് മരണനിരക്ക് രണ്ട് ശതമാനത്തിന് താഴെയായി. 1.99 ശതമാനമാണ് നിലവിൽ രാജ്യത്തെ കോവിഡ് മരണനിരക്ക്. രാജ്യത്ത് കോവിഡ് മുക്തരാകുന്നവരുടെ എണ്ണത്തിലും വലിയ വർധനവുണ്ട്. ഇതുവരെ 15,83,490 പേർ രോഗ മുക്തരായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 69.80 ശതമാനമായി ഉയർന്നു. നിലവിൽ 6,39,929 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ കുടുതൽ രോഗികളുള്ളത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി എന്നിവിടങ്ങളിലാണ് കുടുതൽ മരണം റിപ്പോർട്ട് ചെയ്തത്.
