കോട്ടയം: നാട്ടകം മുളങ്കുഴ കാക്കൂരിൽ നിയന്ത്രണം വിട്ട ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. മുളങ്കുഴ പാക്കിൽ റോഡിൽ കാക്കൂർ കെടിഡിസിയുടെ ബിയർ പാർലറിന് മുന്നിലാണ് അപകടമുണ്ടായത്. ചാന്നാനിക്കാട് തെക്കേപ്പറമ്പിൽ വേണു സുരേഷ് (28), മാണിക്കുന്നം സ്വദേശി ആദർശ് (25) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാരാപ്പുഴ ഇല്ലത്തു പറമ്പിൽ ബാലഭവൻ വിഘ്നേശ്വറിനെ (24) ഭാരത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാക്കിൽ ഭാഗത്ത് നിന്നും എത്തിയ ബുള്ളറ്റും എതിർ ദിശയിൽ നിന്നും എത്തിയ പൾസർ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്നതിന് തൊട്ടടുത്തായാണ് പോലീസിൻറെ കോവിഡ് ചെക്ക് പോസ്റ്റ് ഉള്ളത്. പോലീസും ഉദ്യോഗസ്ഥരും നാട്ടുകാരും ഓടിയെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
രണ്ടു ബൈക്കുകളിലായി മൂന്നു പേരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. അപകടത്തിൽ പരിക്കേറ്റു ഭാരത് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള വിഘ്നേശ്വറിൻറെ നില അതീവഗുരുതരമാണ്.
