കോഴിക്കോട്: പി.വി. സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ അവാർഡ് നടൻ മോഹൻലാലിന്. മാതൃഭൂമി മാനേജിങ്ങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ ചെയർമാനും സംവിധായകൻ സത്യൻ അന്തിക്കാട്, ഡോ. സി.കെ. രാമചന്ദ്രൻ എന്നിവർ അംഗങ്ങളായുള്ള സമിതിയാണ് മോഹൻലാലിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.
കഴിഞ്ഞ നാല് പതിറ്റാണ്ടായി മലയാളിയുടെ സാംസ്‌കാരിക ഭാവുകത്വത്തിന്റെ വികാസ പരിണാമങ്ങളുടെ ജീവിക്കുന്ന ഉദാഹരണമാണ് മോഹൻലാൽ എന്ന് പുരസ്‌കാര നിർണയ സമിതി വിലയിരുത്തി. അനായാസമായ അഭിനയശേഷിയും തീർത്തും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയുള്ള തീർത്ഥാടനമായിരുന്നു മോഹൻലാലിന്റെ ഇത്രയും കാലത്തെ ചലച്ചിത്രജീവിതം. ലാൽ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ വൈവിധ്യം ഒരു പക്ഷെ ഇന്ത്യയിലെ മറ്റൊരു നടനും അവകാശപ്പെടാൻ ഇല്ലെന്നും സമിതി നിരീക്ഷിച്ചു.
ഒരു സാധാരണക്കാരനായ മലയാളി വളരെക്കാലത്തോളം തന്നെ മോഹൻലാലിനും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലും പ്രതിഫലിച്ച് കാണുന്നു. ലാലിന്റെ അഭിനയത്തിലേയും വ്യക്തി ജീവിതത്തിലേയും ലാളിത്യമാണ് ഈ താദാത്മ്യത്തിന് കാരണം. അതേസമയം രാജാവിന്റെ മകൻ, ഇരുപതാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളിലൂടെ ആന്റി ഹീറോ പരിവേഷത്തിലേക്കും നരസിംഹം പോലുള്ള സിനിമകളിലൂടെ അതേ നായക സങ്കൽപ്പത്തിലേക്കും ലാൽ അനായാസം കൂടുമാറി. അതോടൊപ്പം ആഴമുള്ള കഥാപാത്രങ്ങളേയും അവതരിപ്പിച്ചു. തന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷനിലൂടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും മോഹൻലാൽ നടത്തുന്നു. ഇത്രയും സമഗ്രമായ സംഭാവനയാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കാൻ കാരണം.
പി.വി. സാമിയുടെ ചരമദിനമായ സെപ്തംബർ ഒന്നിനാണ് എല്ലാ വർഷവും പുരസ്‌കാര സമർപ്പണ ചടങ്ങ് നടക്കാറുള്ളതെങ്കിലും ഇത്തവണ കോവിഡ് സാഹചര്യത്തിൽ തീയതി പിന്നീട് തീരുമാനിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
