തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യതയുള്ളതിനാൽ കേരളത്തിന്റെ വടക്കൻ മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതിൻറെ ഭാഗമായി ചൊവ്വാഴ്ചയും ബുധനാഴ്ചയും സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കു സാധ്യതയുണ്ടെന്നും നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകി.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഇന്നും നാളെയും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ഓറഞ്ച് യെല്ലോ അലർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലെ പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെടുന്ന പക്ഷം സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറിത്താമസിക്കാൻ തയാറായിരിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും അറിയിച്ചു.
കേരള, കർണാട തീരത്തും ലക്ഷദ്വീപ് ഭാഗങ്ങളിലും കാറ്റിൻറെ വേഗം മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകി.
