തിരുവനന്തപുരം: പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ജോലി ലഭിക്കാത്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കുന്നത്തുകാലിൽ തട്ടിട്ടമ്പലം സ്വദേശി അനു(28)ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. പി.എസ്.സിയുടെ സിവിൽ എക്‌സൈസ് ഓഫീസർ റാങ്ക് ലിസ്റ്റിലെ 76-ാം റാങ്കുകാരനായിരുന്നു അനു. റാങ്ക് ലിസ്റ്റ് റദ്ദായതിനെ തുടർന്ന് അനു കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
കുറച്ചു ദിവമായി ആഹാരം വേണ്ട. ശരീരമൊക്കെ വേദന പോലെ. എന്തു ചെയ്യണമെന്നറിയില്ല. കുറച്ചു ദിവസമായി ആലോചിക്കുന്നു. ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാൻ വയ്യ. എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ -സോറി. അനു ആത്മഹത്യാ കുറിപ്പിൽ എഴുതി.
അനു ഉൾപ്പെട്ട ലിസ്റ്റിന് ഒരു വർഷത്തെ കാലാവധി ആയിരുന്നു ഉണ്ടായിരുന്നത്. അത് ഈ ഏപ്രിലിൽ അവസാനിച്ചു. തുടർന്ന് കോവിഡിന്റെ പശ്ചാത്തലത്തിൽ രണ്ടുമാസം കൂടി സർക്കാർ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടി. ജൂൺ 20 വരെ ആയിരുന്നു റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയത്. കാലാവധി നീട്ടിക്കിട്ടിയ ഈ സമയത്തിനിടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഏഴുപേർക്കു കൂടി അഡൈ്വസ് മെമ്മോ അയക്കാൻ സാധിച്ചുവെന്ന് പി.എസ്.സി. അറിയിച്ചു. റാങ്ക് ലിസ്റ്റിലുള്ള 72 പേർക്കാണ് നിയമനം ലഭിച്ചത്.
