തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്നും രണ്ടു കോടി രൂപ തട്ടിയെടുത്ത കേസിൽ സീനിയർ അക്കൗണ്ടൻറ് എം.ആർ. ബിജുലാൽ അറസ്റ്റിൽ. തിരുവനന്തപുരം വഞ്ചിയൂരിലുള്ള അഭിഭാഷകൻറെ ഓഫീസിൽനിന്നുമാണ് ബിജു അറസ്റ്റിലായത്. ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ ഇന്ന് രാവിലെയാണ് പൂന്തുറ സോമൻ എന്ന അഭിഭാഷകൻറെ ഓഫീസിൽ എത്തിയത്. താൻ കീഴടങ്ങാൻ പോകുന്നതായി ഇയാൾ അഭിഭാഷകനോട് പറഞ്ഞിരുന്നു.
താൻ ട്രഷറിയിൽനിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ലെന്നും ഓൺലൈനിൽ റമ്മി കളിച്ച് കിട്ടുന്ന പണമാണ് തന്റെ അക്കൗണ്ടിലുള്ളതെന്നും അറസ്റ്റിലാകുന്നതിന് മുമ്പ് ബിജു ലാൽ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നെ ഉപയോഗി്ച്ച് വേറെ ആരോ തട്ടിപ്പ് നടത്തിയതെന്നും ഇക്കാര്യങ്ങൾ പോലീസ് അന്വേഷിക്കട്ടെ എന്നും ബിജു ലാൽ പറഞ്ഞു.
അറസ്റ്റിലായ ബിജുലാലിനെ കമ്മീഷണർ ഓഫീസിലേക്ക് കൊണ്ടുപോയി. മുൻകൂർ ജാമ്യം തള്ളിയതോടെയാണ് ബിജുലാൽ കീഴടങ്ങാനെത്തിയത്. ബിജുലാലിൻറെ വീട്ടിലും പോലീസ് പരിശോധനകൾ നടത്തിയിരുന്നു. ബിജുവിൻറെ ഫോണും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കേസിൽ കന്പ്യൂട്ടർ ഹാർഡ് ഡിസ്കും മറ്റ് രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഹാർഡ് ഡിസ്ക് ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്നു പോലീസ് അറിയിച്ചു.
വഞ്ചിയൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബിജുലാലും ഹയർസെക്കൻഡറി അധ്യാപികയായ ഭാര്യ സിനിയുമാണ് പ്രതികൾ. സിനിയിൽനിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
