തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ഐശ്വര്യമാണെന്നും, നിർഗുണ പ്രതിപക്ഷമാണു കേരളത്തിലുള്ളതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പിണറായിയെ നേരിടാനുള്ള ത്രാണി രമേശ് ചെന്നിത്തല നയിക്കുന്ന പ്രതിപക്ഷത്തിനില്ല. പ്രതിപക്ഷത്തിനു തലച്ചോറിൻറെ കുറവുണ്ടെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പരിഹസിച്ചു.
യുദ്ധത്തിൽ എതിരാളികളെ സഹായിക്കുന്ന രീതിയാണു പ്രതിക്ഷത്തിനുള്ളത്. കഴിഞ്ഞ നാലു കൊല്ലവും ഇതാണവസ്ഥ. അവസാനം ആനപ്പേറ് പോലെ കൊണ്ടുവന്ന അവിശ്വാസവും അതേ രീതയിലായി. ചോദ്യങ്ങളിൽനിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയും വിശ്വാസ്യതയില്ലാത്ത പ്രതിപക്ഷവുമാണു കേരളത്തിൻറെ ഗതികേടെന്നും സുരേന്ദ്രൻ പരിഹസിച്ചു.
ആവനാഴിയിൽ എല്ലാ അന്പും ഉണ്ടായിട്ടും തലച്ചോറിൻറെ കുറവു മാത്രമാണു പ്രതിപക്ഷത്തിനുണ്ടായത്. നിരവധി ആരോപണങ്ങളുണ്ടായിട്ടും ജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കാൻ അവിശ്വാസ പ്രമേയത്തിന് സാധിച്ചില്ലെന്നും കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി.
