കോട്ടയം: മണർകാട് പാലമുറി പാലത്തിന് സമീപം കുത്തൊഴുക്കിൽപെട്ട് മരണപ്പെട്ട കാർ ഡ്രൈവറെയും കാറും കണ്ടെത്തിയ ഈരാറ്റുപേട്ട നന്മക്കൂട്ടത്തിന് അഭിനന്ദന പ്രവാഹം. ശനിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. വെള്ളം കയറി നിന്ന റോഡിൽ നിന്ന് വാഹനം തെന്നി മാറുകയാണ് ഉണ്ടായത്.
നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നു യാത്രക്കാരനുമായി മല്ലപ്പള്ളിക്ക് വന്ന് മടങ്ങും വഴിയാണ് ടാക്‌സി ഡ്രൈവർ അങ്കമാലി സ്വദേശി ജസ്റ്റിൻ ഒഴുക്കിൽ പെട്ടത്.ഡ്രൈവർ പുറത്തിറങ്ങി സമീപ വീട്ടിലെത്തി സഹായം തേടുകയും വാഹനത്തിന്റെ ആർസി രേഖകളും പേഴ്‌സും വീട്ടുടമയെ ഏൽപ്പിക്കുകയും ചെയ്തു. വീട്ടുകാരുടെ സഹായത്തോടെ ക്രെയിൻ വിളിച്ചു വാഹനം വലിച്ചു നീക്കാൻ ശ്രമിക്കുന്നതിനിടെ വാഹനവും ഡ്രൈവറും കുത്തൊഴുക്കിൽ പെട്ടു പാടത്ത് കാണാതാവുകയുമായിരുന്നു. രാത്രി തന്നെ ഫയർ ഫോഴ്‌സും പോലീസും തിരച്ചിൽ തുടങ്ങി. ദുരന്ത നിവാരണ സേനയും തിരച്ചിൽ നടത്തി.
എന്നാൽ രാവിലെ വരെയും കണ്ടെത്താൻ കഴിയാതിരുന്നതിനെ തുടർന്ന് ജില്ലാ അധികൃതർ ഈരാറ്റുപേട്ടയിലെ നന്മക്കൂട്ടം റെസ്‌ക്യൂ വിങ്ങിന്റെ സഹായം തേടുകയായിരുന്നു. ടീം ലീഡർ അഷറഫ് കുട്ടി കെ.കെ.പിയുടെ നേതൃത്വത്തിൽ പതിനഞ്ച് പേര് അടങ്ങുന്ന സംഘമാണ് ഉച്ചയോടെ തിരച്ചിൽ ആരംഭിച്ചത്. മൂന്നു മണിക്കൂറിലധികം നീണ്ട കഠിനപരിശ്രമത്തിനൊടുവിൽ വാഹനം കണ്ടെത്തി. വാഹനത്തിനുള്ളിൽ ഡ്രൈവർസീറ്റിൽ മരിച്ച നിലയിൽ ജസ്റ്റിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ മൃതദേഹം പുറത്തെടത്ത് മെഡിക്കൽ കോളജിലേക്ക് മാറ്റി. തുടർന്ന് തൊട്ടടുത്ത മരത്തിൽ വടംകെട്ടി വലിച്ച്് വാഹനവും പുറത്തെടുത്തു.
കഴിഞ്ഞ രണ്ടു പ്രളയ കാലത്തും രക്ഷാപ്രവർത്തനത്തിന് രംഗത്തെത്തിയ ഈരാറ്റുപേട്ട നന്മക്കൂട്ടം അധികാരികളുടെയും ജനങ്ങളുടെയും ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റി. അഫ്‌സൽ ഇ.പി, ഫാസിൽ, റമീസ് ബഷീർ, റാഫി എം.എൻ, ഷിഹാബ്, തൻസീർ, അബ്ഷർ, സുരേഷ് ഓലിക്കൽ, മാഹീൻ, അൻസിൽ, സുനീർ, റാഫി, ഹാരീസ്, ഷിഹാസ്, നദീർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
നന്മക്കൂട്ടത്തിന്റെ സ്തുത്യർഹമായ സേവനത്തിന് അഭിനന്ദനമർപ്പിച്ച് മണർകാട് പോലീസ് സ്‌പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ പ്രസന്നന്റെ വാക്കുകൾ: 'നിങ്ങൾ നടത്തിയ പ്രവർത്തനത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. പോലീസും ഫയർഫോഴ്‌സും ദുരന്ത നിവാരണ സേനയുമൊക്കെ അവരൊക്കൊണ്ട് ആകാവുന്ന വിധത്തിൽ ശ്രമിച്ചു. അവർ അതിന് നിയമിക്കപ്പെട്ടവരുമാണ്. എന്നാൽ നിങ്ങളുടെ സമൂഹത്തോടുള്ള പ്രതിബദ്ധത അത് പറഞ്ഞറിയിക്കാൻ വാക്കുകളില്ല. നന്മക്കൂട്ടത്തിന് എന്റെയും ഡിപ്പാർട്ട്‌മെന്റിന്റെയും ഒരായിരം നന്ദി രേഖപ്പെടുത്തുന്നു. സമൂഹത്തിൽ നന്മ നശിച്ചു പോയിട്ടില്ല എന്ന് ചെറുപ്പക്കാരായ നിങ്ങളുടെ പ്രവർത്തനത്തിൽ കൂടി സമൂഹത്തിന് നിങ്ങൾ കാണിച്ചു കൊടുക്കുന്നു. പ്രിയ സഹോദരങ്ങൾക്ക് എന്റെ നന്ദി'.
