ആറാട്ടുപുഴ: വിവാഹ വാഗ്ദാനം നൽകി ശേഷം സ്ത്രീധനത്തെ ചൊല്ലി കാമുകനായ വരൻ പിൻമാറിയതിൽ മനംനൊന്ത് ഇരുപത്താെന്നുകാരി ജീവനൊടുക്കി. ആലപ്പുഴ ആറാട്ടുപുഴ പെരുമ്പള്ളി മുരിക്കിൽ വിശ്വനാഥനേറെയും ഗീതയുടേയും മകൾ അർച്ചനയാണ് (21) വിഷക്കായ കഴിച്ച് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.
കണ്ടല്ലൂർ സ്വദേശിയും മുൻ സഹപാഠിയുമായ യുവാവുമായി യുവതി വർഷങ്ങളായി അടുപ്പത്തിലായിരുന്നു. യുവാവിൻറെ വീട്ടുകാർ വിവാഹാലോചനയുമായി യുവതിയുടെ വീട്ടിൽ എത്തിയിരുന്നു. പഠനം കഴിഞ്ഞിട്ട് നടത്താമെന്ന് യുവതിയുടെ വീട്ടുകാർ സമ്മതിച്ചിരുന്നു. എന്നാൽ അർച്ചനയെ വിവാഹം കഴിക്കണമെങ്കിൽ കൂടുതൽ സ്ത്രീധനം വേണമെന്നായിരുന്നു യുവാവിന്റെ ആവശ്യം. ഇത് നൽകാൻ കഴിയാതെ വന്നതോടെ യുവാവ് വിവാഹത്തിൽനിന്ന് പിന്മാറി. തുടർന്ന് മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇക്കാര്യമറിഞ്ഞതോടെയാണ് അർച്ചന ജീവനൊടുക്കിയത്.
ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് മരിക്കാൻ പോവുകയാണെന്ന് കാമുകനായ യുവാവിനെ അറിയിച്ചിരുന്നു. ഇയാൾ മറ്റൊരു സുഹൃത്ത് വഴി അർച്ചനയുടെ വീട്ടിൽ വിവരമറിയിച്ചതോടെയാണ് പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് അർച്ചന യുവാവുമായി നടത്തിയ ഫോൺ സംഭാഷണങ്ങളുടെ ശബ്ദരേഖയും സന്ദേശങ്ങളും വീട്ടുകാർക്ക് ലഭിച്ചത്. അർച്ചനയോട് പോയി ചാവടീ എന്നും ഈ വിവാഹം കഴിഞ്ഞ് വിവാഹമോചനം നേടി വീണ്ടും വിവാഹം കഴിക്കാമെന്നും യുവാവ് പറഞ്ഞതായി കുടുംബം ആരോപിക്കുന്നു.
സംഭവത്തിൽ തൃക്കുന്നപ്പുഴ പോലീസ് കേസെടുത്തിട്ടുണ്ട്. കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തിലെ ബി.എസ്.സി. നഴ്സിങ് വിദ്യാർത്ഥിയായിരുന്നു അർച്ചന. കഴിഞ്ഞ ദിവസം കൊട്ടിയത്തും കാമുകൻ വിവാഹ വാഗ്ദാനം നൽകി പറ്റിച്ചതിനാൽ മറ്റൊരു യുവതിയും ആത്മഹത്യ ചെയ്തിരുന്നു.
