ന്യൂഡൽഹി: കാർഷിക പരിഷ്കരണ ബില്ലുകൾക്കെതിരെ രാജ്യസഭയിൽ പ്രതിഷേധിച്ച എട്ട് എം.പിമാർക്ക് സസ്പെൻഷൻ. കേരളത്തിൽ നിന്നുള്ള ഇളമരം കരീം, കെ.കെ രാഗേഷ് എന്നിവരുൾപ്പെടെയുള്ള എട്ട് പേർക്കാണ് സസ്പെൻഷൻ ഏർപ്പെടുത്തിയത്. എട്ട് ദിവസത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
പാർലമെൻറിൻറെ 256-ാം ചട്ട പ്രകാരം പാർലമെൻററികാര്യ സഹമന്ത്രി വി. മരളീധരനാണ് ഇവർക്കെതിരായ പ്രമേയം അവതരിപ്പിച്ചത്. പ്രമേയം ശബ്ദവോട്ടോടെ സഭ പാസാക്കി. തൃണമൂൽ എംപി ഡെറിക് ഒബ്രിയൻ, സഞ്ജയ് സിംഗ്, രാജു സതവ, രിപുൻ ബോറ, ദോള സെൻ, സെയ്ദ് നസിർ ഹസൈൻ എന്നിവരാണ് സസ്പെൻഷൻ നേരിട്ട മറ്റ് രണ്ടു പേർ.
രാജ്യസഭയിൽ ഇന്നലെയുണ്ടായ സംഭവങ്ങൾ നിർഭാഗ്യകരമാണെന്ന് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞു. സഭയെ അവഹേളിക്കുന്ന തരത്തിലുള്ള പെരുമാറ്റം ചില അംഗങ്ങളുടെ ഭാഗത്തു നിന്നുണ്ടായി. എംപിമാരുടെ പെരുമാറ്റം അപലപനീയമെന്നും വെങ്കയ്യ നായിഡു കൂട്ടിച്ചേർത്തു.
ഞായറാഴ്ച ബില്ലുകൾ പാസാക്കാനായി രാജ്യസഭ ചേരുന്ന സമയം നീട്ടിയതിൽ പ്രകോപിതരായ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കി ഉപാധ്യക്ഷൻ ഹരിവൻഷിന് നേരെ പാഞ്ഞടുത്തിരുന്നു. കയ്യാങ്കളിക്കിടെ മൈക്ക് തട്ടിപ്പറിക്കുകയും ബിൽ അടക്കമുള്ളവ കീറി എറിയുകയും ചെയ്തു.
ബഹളത്തെ തുടർന്ന് സഭാ നടപടികൾ പത്ത് മിനിറ്റ് നിർത്തിവെച്ചിരുന്നു. ശേഷം പ്രതിപക്ഷ ഭേദഗതി നിർദേശങ്ങൾ ശബ്ദവോട്ടോടെ തള്ളിയാണ് കാർഷിക ബില്ലുകൾ പാസാക്കിയത്. തുടർന്ന് നടുത്തളത്തിലിറങ്ങിയ മറ്റു പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ചെയർമാൻ വെങ്കയ്യ നായിഡു അച്ചടക്ക നടപടിക്ക് ഒരുങ്ങിയത്.
