കൊച്ചി: സംസ്ഥാനത്ത് കോവിഡ് മൂലം നിർത്തിവെച്ചിരുന്ന കൊച്ചി മെട്രോ സർവീസ് പുനരാരംഭിച്ചു. ആലുവ സ്റ്റേഷനിൽ നിന്നും ഇന്നു രാവിലെ ഏഴിനായിരുന്നു ആദ്യത്തെ സർവീസ്. ഒന്നിടവിട്ട സീറ്റുകളിലാണു യാത്രക്കാരെ ഇരിക്കേണ്ടത്. ഇരിക്കാൻ പാടില്ലാത്ത സീറ്റുകളിൽ പ്രത്യേക അടയാളം രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യദിനമായ ഇന്ന് ഏഴിന് തുടങ്ങിയ സർവീസ് രാത്രി ഏഴിന് അവസാനിപ്പിക്കും. ഉച്ചക്ക് ഒന്നിനും രണ്ടിനുമിടയിൽ സർവീസില്ല. നിർമാണം പൂർത്തിയായ പേട്ട സ്റ്റേഷനും ഇന്നു തുറക്കും.
ബുധനാഴ്ച മുതൽ സർവീസ് സാധാരണ നിലയിലാകും. രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് 12 വരെയും ഉച്ചകഴിഞ്ഞു രണ്ട് മുതൽ രാത്രി ഒമ്പത് വരെയും പത്തു മിനിറ്റ് ഇടവേളയിലും ഉച്ചക്ക് 12നും രണ്ടിനുമിടയിൽ 20 മിനിറ്റ് ഇടവേളയിലുമായിരിക്കും സർവീസ്. ഞായറാഴ്ചകളിൽ രാവിലെ എട്ടിനായിരിക്കും ആദ്യ സർവീസ് തുടങ്ങുക. ഓരോ സ്റ്റേഷനിലും 20 സെക്കൻറ് ട്രെയിൻ നിർത്തിയിടും. ആലുവയിലും പേട്ടയിലും അഞ്ച് മിനുറ്റോളം ട്രെയിൻ വാതിലുകൾ തുറന്നിട്ട് ശുദ്ധവായു സഞ്ചാരവും ഉറപ്പാക്കുന്ന നിലയിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ മെട്രോയുടെ ഒന്നാം ഘട്ട പൂർത്തീകരണ പ്രഖ്യാപനവും മുഖ്യമന്ത്രി ഇന്നു നിർവഹിക്കും.
