തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ആരോഗ്യപ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. ഭരതന്നൂർ പി.എച്ച്.സി.യിലെ ആരോഗ്യ പ്രവർത്തകൻ പ്രദീപാണ് അറസ്റ്റിലായത്. കോവിഡ് നിരീക്ഷണ കാലാവധി പൂർത്തിയാക്കിയെന്ന സർട്ടിഫിക്കറ്റിന് വാങ്ങാനെത്തിയ യുവതിയെയാണ് ഇയാൾ പീഡിപ്പിച്ചത്.
മലപ്പുറം ജില്ലയിൽ ഹോം നഴ്സായി ജോലിചെയ്യുകയായിരുന്ന ഇവർ അടുത്തിടെ കല്ലറ പാങ്ങോട്ടെ വീട്ടിൽ കോവിഡ് നിരീക്ഷണത്തിലായിരുന്നു. നിരീക്ഷണ കാലാവധി പൂർത്തിയായതിനെത്തുടർന്ന് കോവിഡില്ലാ സർട്ടിഫിക്കറ്റിനായി ആരോഗ്യപ്രവർത്തകനെ സമീപിച്ചു. സർട്ടിഫിക്കറ്റ് നൽകാമെന്നുപറഞ്ഞ് ഇയാൾ സ്ത്രീയെ തന്റെ വീട്ടിലേക്കു വിളിച്ചുവരുത്തുകയും അവിടെവെച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നുമാണ് പരാതി.കഴിഞ്ഞ ദിവസം കത്തിപ്പാറ കളത്തൂരിനു സമീപമുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ യുവതി വെള്ളറട പോലീസിൽ പരാതി നൽകുകയായിരുന്നു.
