ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി മയിലുകളെ നോക്കുന്ന തിരക്കിലാണെന്നും അതിനാൽ ജനങ്ങൾ കോവിഡിൽ നിന്ന് സ്വന്തം ജീവൻ രക്ഷിക്കാനുള്ള മാർഗങ്ങൾ തേടണമെന്നും രാഹുൽ ട്വിറ്ററിലൂടെ വിമർശിച്ചു.
'ഇന്ത്യയിലെ കോവിഡ് കേസുകൾ ഈ ആഴ്ച അമ്പതുലക്ഷം കടക്കും. സജീവ കേസുകൾ പത്തുലക്ഷവും. ഒരു വ്യക്തിയുടെ അഹംഭാവത്തിന്റെ ഫലമായിരുന്നു കൃത്യമായ ആസൂത്രണമില്ലാത്ത ലോക്ഡൗൺ. രാജ്യം മുഴുവൻ കോവിഡ് 19 പടർന്നുപിടിക്കാൻ കാരണമായത് അതാണ്. മോദി സർക്കാർ സ്വാശ്രയ ഇന്ത്യ എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. അതിനർഥം സ്വന്തം ജീവിൻ സ്വയം സംരക്ഷിക്കണം എന്നാണ്. കാരണം പ്രധാനമന്ത്രി മയിലുകളുമായി തിരക്കിലാണ്.' രാഹുൽ ട്വീറ്റ് ചെയ്തു.
അതേസമയം, രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 48.5 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 92,071 പേർക്ക് രോഗം ബാധിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 48,46,428 ആയി. 1,136 പേരാണ് ഒറ്റദിവസം കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 79,722 ആയി. 37,80,108 പേർ രാജ്യത്ത് രോഗമുക്തി നേടി. 9,86,598 പേർ വിവിധ സംസ്ഥാനങ്ങളിലായി ഇപ്പോഴും ചികിത്സയിലാണ്. മഹാരാഷ്ട്രയിൽ 10 ലക്ഷത്തിനു മുകളിലും ആന്ധ്രയിൽ അഞ്ചരലക്ഷത്തിനടത്തും കോവിഡ് ബാധിതരുണ്ട്.
ലോകത്ത് കൂടുതൽ കോവിഡ് രോഗികളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയാണ് ഒന്നാമത്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, പശ്ചിമബംഗാൾ, ബിഹാർ, തെലുങ്കാന, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിലുള്ളത്.
