തിരുവനന്തപുരം : സർക്കാരിന്റെ നേട്ടങ്ങളെ കരിവാരി തേക്കുന്നതിനായ് നെറികേടിന്റെ മാർഗ്ഗങ്ങളാണ് ചിലർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ ആഗ്രഹിക്കുന്നത് നടക്കാൻ പാടില്ല എന്ന് ചിലർ വിചാരിക്കുന്നു. ശരിയായ കാര്യങ്ങൾ നാടിന് മുന്നിൽ അവതരിപ്പിക്കാൻ സമ്മതിക്കില്ലെന്ന മാനസിക അവസ്ഥയുള്ള ചിലരുണ്ട്. അത്തരക്കാരാണ് വിവാദം ഉണ്ടാക്കുന്നത്. ഒരു ദിവസത്തെ വാർത്ത കണ്ട് ജനം മാറി ചിന്തിക്കില്ലെന്ന് മനസിലാക്കണം. ജനങ്ങൾ കാര്യങ്ങൾ വിലയിരുത്തുന്നത് അവരുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് വിവാദമുണ്ടാക്കുന്നവർ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. കോന്നി മെഡിക്കൽ കോളേജ് ഉദ്ഘാടന ചടങ്ങിനിടെ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കെതിരെ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
"സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ കഴിയുമെന്ന ഒരു പ്രതീക്ഷയുമില്ലാതിരുന്നവർ സ്വന്തം വീട്ടിൽ ഇന്ന് കിടന്നുറങ്ങുകയാണ്. 2,26,000ത്തിൽ പരം വീടുകൾ പൂർത്തിയാക്കി. ഇന്ന് ഇവരെല്ലാം സ്വന്തം വീട്ടിൽ കഴിയുന്നു. ഇത് അഴിമതിയുടെ ഭാഗമാണോ. എന്തെങ്കിലും അഴിമതി അതിൽ നടന്നോ. ഓരോ പ്രദേശത്തും പൂർത്തിയാക്കിയ വീട് എങ്ങനെയെന്ന് നിങ്ങൾക്കറിയില്ലേ. ഇതെല്ലാം സ്വാഭാവികമായും നാടിന്റെ നേട്ടമായി വരുന്നു. ബാക്കി വീടുകൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നു. ആ നേട്ടം കരിവാരി തേക്കണം. അതിന് നെറികേടിന്റെ മാർഗ്ഗങ്ങൾ സ്വീകരിക്കുകയാണ്. ഏതെങ്കിലും കോൺട്രാക്ടുമായി ബന്ധപ്പെട്ട് വൃത്തികേടുകൾ നടന്നിട്ടുണ്ടെങ്കിൽ അത് ആ ഭാഗത്ത് നിൽക്കേണ്ട കാര്യമാണ്". അദ്ദേഹം കൂട്ടിച്ചേർത്തു.
കോന്നി മെഡിക്കൽ കോളേജ് ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ച യുഡിഎഫിനെയും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നാലര വർഷം കൊണ്ട് കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് വലിയ വളർച്ച ഉണ്ടായി. ആശുപത്രികളെല്ലാം മെച്ചപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കി ഫ്ബി ഫണ്ട് ഉപയോഗിച്ച് മെഡിക്കൽ കേളജിന്റെ രണ്ടാം ഘട പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
