വാഷിങ്ടൺ: ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഇന്ത്യയിൽ കോവിഡ് മരണ നിരക്ക് മറച്ചു വയ്ക്കുകയാണെന്നും, യഥാർത്ഥത്തിൽ കോവിഡ് മൂലം എത്രപേരാണ് മരിച്ചതെന്ന് അറിയില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇന്ത്യക്ക് പുറമെ ചൈനയും റഷ്യയും മരണ നിരക്ക് മറച്ചുവയ്ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ലീവ് ലാൻഡിലെ കേസ് വെസ്റ്റേൺ റിസർവ് സർവകലാശാലയിൽ നടന്ന പ്രസിഡൻറ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തിലാണ് ഇന്ത്യക്കെതിരെ വിമർശനവുമായ് രംഗത്ത് എത്തിയത്.
വ്യക്തിപരമായ കടന്നാക്രമണങ്ങളും ആക്രോശങ്ങളുമായാണ് ആദ്യ സംവാദം പൂർത്തിയായത്. അമേരിക്ക കണ്ട ഏറ്റവും മോശം പ്രസിഡൻറാണു ട്രംപെന്നു പറഞ്ഞ ജോ ബൈഡൻ, കോവിഡ് വാക്സിനെക്കുറിച്ചുള്ള ട്രംപിൻറെ വാഗ്ദാനങ്ങൾ വിശ്വസിക്കരുതെന്നും ആവശ്യപ്പെട്ടു. ട്രംപ്, റഷ്യൻ പ്രസിഡൻറ് വാളാദിമർ പുടിൻറെ പട്ടിക്കുട്ടിയാണെന്ന് ഡെമോക്രാറ്റിക് പ്രസിഡൻറ് സ്ഥാനാർഥി ജോ ബൈഡൻ പരിഹസിച്ചു. താൻ പുടിനോടു മുട്ടിനിന്നു, അദ്ദേഹത്തിനു കാര്യങ്ങൾ മനസിലാക്കി കൊടുത്തു എന്ന തരത്തിലുള്ള ട്രംപിൻറെ വാദങ്ങൾ ആരും സ്വീകരിക്കില്ലെന്നും ട്രംപ് പുടിൻറെ പട്ടിക്കുട്ടിയാണെന്നുമാണു ബൈഡൻ പറഞ്ഞത്.
താൻ നികുതി വെട്ടിച്ചെന്ന റിപ്പോർട്ടുകൾ ട്രംപ് പൂർണമായും തള്ളി. വലതുപക്ഷമല്ല തീവ്ര ഇടതുനിലപാടുകാരാണു വംശീയ അതിക്രമങ്ങളുടെ ഉത്തരവാദികളെന്നും ട്രംപ് പറഞ്ഞു. ഇരുവരുടെയും ഇടപെടലുകൾ പരസ്പരം അതിരുവിട്ടപ്പോൾ അവതാരകൻ ക്രിസ് വാലസിനു പലവട്ടം ഇടപെടേണ്ടിവന്നു.
