ന്യൂഡൽഹി: ബാബറി മസ്ജിദ് തകർത്ത കേസിൽ എല്ലാ പ്രതികളേയും കോടതി വെറുതെ വിട്ടു. എൽ.കെ അദ്വാനിയും മുരളി മനോഹർ ജോഷിയും ഉൾപ്പെടെ 32 പ്രതികളെയാണ് വെറുതെ വിട്ടത്. ലഖ്‌നൗവിലെ പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി സുരേന്ദർ കുമാർ യാദവ് ആണ് വിധി പറഞ്ഞത്. 1992 ഡിസംബർ ആറിന് അയോധ്യ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 197 / 1992 , ക്രൈം നമ്പർ 198/1992 എന്നീ കേസുകളിലെ വിധിയാണ് ഇന്ന് കോടതി വിധിപറഞ്ഞത്.
മസ്ജിദ് തകർത്തത് മുൻകൂട്ടി ആസൂത്രണം നടത്തിയാണ് എന്ന് തെളിയിക്കുന്നതിന് പ്രതികൾക്കെതിരെ ശക്തമായ തെളിവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. പള്ളി തകർത്തത് പെട്ടെന്നുണ്ടായ വികാരത്തിന്റെ അടിസ്ഥാനത്തിലാണ്. അല്ലാതെ ആസത്രിതമല്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ.
കേസിലെ 32 പ്രതികളിൽ 26 പേരും കോടതിയിൽ ഹാജരായി. വിനയ് കത്യാർ, ലല്ലുസിംഗ്, സാക്ഷി മഹാരാജ്, സാധ്വി ഋതംബര അടക്കമുള്ളവരാണു ഹാജരായത്. ആറു പ്രതികൾക്കു വീഡിയോ കോൺഫറൻസ് വഴി പങ്കെടുക്കാം. എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, ഉമ ഭാരതി എന്നിവരാണു ഇത്തരത്തിൽ കോടതിയിൽ ഹാജരായത്.
1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് പൊളിച്ച സംഭവത്തിൽ ഉത്തർപ്രദേശിൽ രണ്ടിടത്തായാണ് വിചാരണ നടന്നിരുന്നത്. അജ്ഞാതരായ കർസേവകർക്കെതിരായ കേസുകൾ ലഖ്‌നൗവിലും പ്രമുഖ നേതാക്കൾക്കെതിരേയുള്ളത് റായ്ബറേലിയിലും. സുപ്രീംകോടതിയുടെ 2017-ലെ ഉത്തരവുപ്രകാരം രണ്ടുകൂട്ടം കേസുകളിലെയും വിചാരണ ഒന്നിച്ചുചേർത്ത് ലഖ്‌നൗവിലെ അഡീഷണൽ സെഷൻസ് കോടതിയിലേക്കുമാറ്റി. രണ്ടുവർഷത്തിനകം വിചാരണപൂർത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് പലതവണ സമയം നീട്ടിനൽകി.
