പത്തനംതിട്ട: കുമ്പഴയിൽ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കുമ്പഴ മനയത്ത് വീട്ടിൽ ജാനകി(92) ആണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായ് ബന്ധപ്പെട്ട് ഇവരുടെ സഹായിയായ മയിൽസ്വാമിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ജാനകിയുടെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. വീട്ടിലെ സ്വീകരണമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ആ സമയത്ത് വീട്ടിൽ കുടുംബാംഗങ്ങളാരും ഉണ്ടായിരുന്നില്ല. കൊലപാതക വിവരം മയിൽസ്വാമി പേപ്പറിൽ എഴുതി പത്രത്തിനൊപ്പം അയൽവീട്ടിൽ നൽകുകയായിരുന്നു.
ജാനകിയെ കൊലപ്പെടുത്തിയെന്നാണ് പേപ്പറിൽ എഴുതിയിരുന്നത്. കത്ത് കണ്ടവരാണ് പോലീസിൽ വിവരമറിയിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
