തൃശൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പം വനിതാ പോലീസുകാർ സെൽഫിയെടുത്തത് വിവാദത്തിൽ. സംഭവത്തിൽ ആറ് വനിതാ പോലീസുകാർക്ക് ഉന്നത ഉദ്യോഗസ്ഥർ താക്കീത് നൽകി. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം, കൗതുകത്തിന് സെൽഫിയെടുത്തതെന്നാണ് പോലീസുകാർ നൽകുന്ന വിശദീകരണം. വനിതാ പോലീസുകാരിയുടെ ഫോണിലാണ് ചിത്രം പകർത്തിയത്. നെഞ്ചു വേദനയെ തുടർന്ന് സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്താണ് സെൽഫി.
പ്രതി സ്വപ്ന മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലിരിക്കെ ഉന്നതരുമായി ഫോണിൽ ബന്ധപ്പെട്ടുവെന്ന ആരോപണത്തിൽ അന്വേഷണം നടക്കെയാണ് പുതിയ സംഭവം പുറത്തുവന്നത്. ഡ്യൂട്ടി നഴ്സുമാരുടെ ഫോൺ ഉപയോഗിച്ച് ഫോൺ ചെയ്തോ എന്ന കാര്യം എൻ.ഐ.എ അന്വേഷിക്കുന്നുണ്ട്.
