ആലപ്പുഴ: ബീച്ചിൽ സെൽഫിയെടുക്കുന്നതിനിടെ അമ്മയുടെ കൈയിൽ നിന്നു വഴുതി കടലിൽ കാണാതായ രണ്ടര വയസുകാരൻറെ മൃതദേഹം കണ്ടെത്തി. പാലക്കാട് വടക്കഞ്ചേരി കിഴക്കഞ്ചേരി കൊഴുക്കുള്ളി വീട്ടിൽ ലക്ഷ്മണൻ-അനിത (മോളി) ദമ്പതികളുടെ മകൻ ആദികൃഷ്ണയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
ആലപ്പുഴയിലുള്ള ബന്ധുവീട്ടിൽ സന്ദർശനത്തിന് എത്തിയ ശേഷം ഇവർ ബീച്ച് സന്ദർശനത്തിനായി വിജയ പാർക്കിന് സമീപമെത്തിയിരുന്നു. എന്നാൽ അപകടാവസ്ഥ ചൂണ്ടിക്കാട്ടി പോലീസ് തിരിച്ചയച്ചതോടെ ഇവർ ഇഎസ്ഐ ആശുപത്രിക്കു സമീപം ആളൊഴിഞ്ഞ ഭാഗത്തെത്തുകയായിരുന്നു.
ബിനു വാഹനം പാർക്ക് ചെയ്യാൻ പോയസമയം അനിതമോൾ കുട്ടികളുമായി തീരത്തേക്ക് പോയി. ഈസമയം കടൽ പ്രക്ഷുബ്ധമായിരുന്നു. തീരത്തുനിന്ന് കുട്ടികളുമായി സെൽഫി എടുക്കുന്നതിനിടെ എത്തിയ കൂറ്റൻ തിരയിൽ പെട്ട് നാലുപേരും കടലിലേക്ക് വീണു. കരച്ചിൽ കേട്ട് ബിനു എത്തി അനിതമോളെയും ആദികൃഷ്ണയുടെ സഹോദരനും അനിതയുടെ സഹോദരന്റെ മകനെയും രക്ഷിച്ചു.
പോലീസും ലൈഫ് ഗാർഡും അഗ്നിരക്ഷാ സേനയും മത്സ്യത്തൊഴിലാളികളും ആദ്യ ദിവസം തിരച്ചിൽ നടത്തിയെങ്കിലും ശക്തമായ തിരയും ഒഴുക്കും കാരണം കണ്ടെത്താൻ സാധിച്ചില്ല. തിങ്കളാഴ്ച അഗ്നിശമന സേന, കോസ്റ്റൽ പൊലീസ്, സൗത്ത് പൊലീസ്, കുട്ടിയുടെ ബന്ധുക്കൾ, മത്സ്യത്തൊഴിലാളികൾ എന്നിവർ വള്ളത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
