പാല: രണ്ടില ചിഹ്നം ലഭിച്ചതോടെ കേരള കോൺഗ്രസ് എന്നത് ഒന്നുമാത്രമേയുള്ളൂവെന്ന് തെളിഞ്ഞിരിക്കുകയാണെന്നും, രണ്ടില ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചവർ തിരിച്ചു വരണമെന്നും അല്ലാത്ത പക്ഷം അയോഗ്യതയുണ്ടാകുമെന്നും ജോസ് കെ.മാണി. രണ്ടില ചിഹ്നം തിരിച്ചു കിട്ടിയതോടെ എല്ലാവരും ആ കുടുംബത്തിൽ തന്നെയുണ്ടാവേണ്ടതാണ്. ചിലർ തെറ്റിദ്ധരിച്ച് മറുപക്ഷത്ത് പോയിട്ടുണ്ട്, എന്നാൽ തങ്ങൾക്ക് ആരോടും ശത്രുതയില്ല. വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും ജോസ് കെ മാണി വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
ചിഹ്നം അനുവദിച്ചതിലൂടെ മാണിസാറിന്റെ ആത്മാവ്സന്തോഷിക്കുകയാണ്. എനിക്കും എന്റെ പിതാവിനുമെതിരേ വലിയ രീതിയിൽ വ്യക്തിഹത്യ നടന്നു. എന്നാലും ആർക്കെതിരേയും പരാതിയില്ല. എല്ലാവരും തിരിച്ച് വരണമെന്നാണ് അഭ്യർഥന. നിയമസഭാ രേഖയിൽ റോഷി അഗസ്റ്റിനാണ് പാർട്ടി വിപ്പ്. ആ വിപ്പ് ലംഘിച്ചവർക്കെതിരേ നിയമപരമായ നടപടിയുണ്ടാകുമെന്നും ജോസ് കെ മാണി പറഞ്ഞു.
വിധി അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. നിലവിൽ സ്വതന്ത്രമായ നിലപാടിലാണ് പാർട്ടി. തദ്ദേശ തിരഞ്ഞെടുപ്പ് വരുന്നതിന് മുന്നെ രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്നും ജോസ് കെ മാണി അറിയിച്ചു.
