Hot Posts

6/recent/ticker-posts

ഓണസമ്മാനമായി വീടുകൾ നിർമ്മിച്ച് നൽകി സ്വിറ്റ്‌സർലണ്ടിലെ ലൈറ്റ് ഇൻ ലൈഫ്


കൊച്ചി: ഈ വർഷത്തെ തിരുവോണം, നീലീശ്വരം മുണ്ടങ്ങാമറ്റത്തെ മൂന്നു കുടുംബങ്ങൾക്ക്  "കരുതലോണം" ആണ്. ഈ  കുടുംബങ്ങൾക്ക്  ഓണസമ്മാനമായി ലഭിച്ചത് ഓണപ്പുടവയും ഓണസദ്യയും മാത്രമല്ല,  "സ്വന്തം വീട് " എന്ന ഒരു വലിയ  സ്വപ്നസാക്ഷാത്കാരം കൂടിയാണ്. കരുതലോടെ  ഇവരുടെ സ്വപ്നങ്ങൾക്ക് നിറം പകർന്നതാവട്ടെ, സ്വിറ്റ്‌സർലണ്ടിലെ  ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫും, മുണ്ടങ്ങാമറ്റം സഹൃദയാ കലാവേദി & ലൈബ്രറിയും. 


വീടൊന്നിന് ഏഴരലക്ഷം രൂപചിലവിൽ  മനോഹരമായി പണിതീർത്ത മൂന്നു വീടുകളുടെ താക്കോൽ ദാനം, 2020 ആഗസ്റ്റ് 29 ശനിയാഴ്ച രാവിലെ 9 മണിക്ക് കാലടി സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ശ്രീ ധർമ്മരാജ് അടാട്ട് നിർവഹിച്ചു.  കോവിഡ് - 19 നിബന്ധനകൾ കർശനമായും പാലിച്ചുകൊണ്ട് നടത്തിയ ചടങ്ങുകളിൽ മുണ്ടങ്ങാമറ്റം മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആനി ജോസ് അദ്ധ്യക്ഷത വഹിച്ചു. പതിനഞ്ച് ലക്ഷം രൂപയാണ് ഈ മൂന്നു വീടുകൾക്കുവേണ്ടി ലൈറ്റ്  ഇൻ ലൈഫ് ചിലവഴിച്ചത്. ഈവർഷം മെയ്മാസം കുട്ടികളുടെ വിദ്യാഭ്യാസപദ്ധതിയായ  ലൈറ്റ് 4 ചൈൽഡിനുവേണ്ടി മുപ്പതുലക്ഷത്തി അറുപതിനായിരം  രൂപയും, അരുണാചൽപ്രദേശിൽ നിർമ്മാണത്തിലിരിക്കുന്ന സ്കൂളിനായി രണ്ടാം ഗഡുവായ മുപ്പത്തിരണ്ടുലക്ഷം രൂപയും നൽകിയിരുന്നു.  പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്ന കുട്ടികൾക്ക്, ഈ വർഷം ഇതുവരെ നൽകിയ നാലു ലക്ഷം രൂപക്ക് പുറമേയാണിത്.  കഴിഞ്ഞ ആറ് വർഷങ്ങൾക്കുള്ളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി  നൂറിലധികം വീടുകളാണ് നിർധനർക്കായി ലൈറ്റ് ഇൻ ലൈഫ് നിർമ്മിച്ച് നൽകിയത്. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ കോട്ടയം ജില്ലയിലെ ളാക്കാട്ടൂരിൽ പുനർജനി എന്ന പേരിൽ . പ്രളയ ബാധിതർക്ക്  ഏഴ് വീടുകൾ നിർമ്മിച്ചു കൈ മാറിയത്  ശ്രദ്ധേയമായിരുന്നു.


കൊറോണക്കാലമായിരുന്നിട്ടുപോലും, ഈ വർഷം ഏതാണ്ട് എൺപത്തിയൊന്നുലക്ഷത്തി അറുപതിനായിരംരൂപ അർഹതപ്പെട്ടവർക്ക് നൽകാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ്  തങ്ങളെന്ന് ലൈറ്റ് ഇൻ ലൈഫ് ഭാരവാഹികൾ അറിയിച്ചു.
Reactions