"അടുക്കള എന്ന ഭാഗത്തേക്ക് ഇനിയെന്നെ പ്രതീക്ഷിക്കേണ്ടുമ്മാ.. നിങ്ങടെ മകൾ എന്റെ തലവര മാറ്റി.. . ഇനി അരിപ്പൊടി തരിക്കുന്ന സാദാ തള്ളട(അരിപ്പ)അല്ല ഞാൻ, പൂക്കളൊക്കെ വിരിഞ്ഞ അതി വിശാലമായ പൂന്തോട്ടമാണ്."
രസകരമായ ഈ സോഷ്യൽ മീഡിയ പോസ്റ്റ് അരിപ്പയുടെ ആത്മഗതമാണെന്ന് അവസാനമാണ് വായനക്കാർക്ക് പിടിക്കിട്ടുന്നത്. ചുവടെ അതിന്റെ ഫോട്ടോ കൂടിയാവുമ്പോൾ സംഗതി ജോറായിട്ട് മനസ്സിലാവും.
ഇനി നമുക്കീ പോസ്റ്റിന്റെ ഉടമയെ പരിചയപ്പെടാം.
ഇത് ഷംന കോളക്കോടൻ
കൈത്തുന്നലിന്റെ മികവ് കൊണ്ട്
"തുന്നിത്തോൽപ്പിക്കാം കൊറോണയെ" എന്ന ഹാഷ് ടാഗോടെയാണ് ഷംനയുടെ വർക്കുകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. ആ ഹാഷ് ടാഗ് ആളുകൾക്കിടയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
ലോക്ക് ഡൗൺ കാരണം ജോലി നഷ്ട്ടപ്പെട്ട അനേകം മനുഷ്യരിൽ ശുഭാപ്തി വിശ്വാസത്തിന്റെ വിത്ത് പാകാൻ തനിക്കായി എന്നോർക്കുമ്പോൾ ഷംനയ്ക്ക് ഇരട്ടി സന്തോഷം. പോസ്റ്റ് കണ്ട് പലരും ഷംനയേ വിളിച്ച് എംബ്രോയ്‌ഡറി പഠിയ്ക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷെ മെറ്റീരിയൽസ് എവിടെ കിട്ടും! ഏത് മെറ്റീരിയൽ ആണ് യൂസ് ചെയ്യേണ്ടത് എന്നൊക്കെയുള്ള സംശയങ്ങൾ ചോദിച്ചു തുടങ്ങിയപ്പോഴാണ്. "Beginner's embroidery kit " എന്ന ആശയത്തിലേക്ക് ഷംന എത്തിയത്. കിറ്റ് കിട്ടിയവരിൽ വർഷങ്ങൾക്ക് ശേഷം വീണ്ടും തുന്നാൻ തുടങ്ങിയവരും, തുടക്കകാരും, ഇതിലൂടെ ചെറുതായ വരുമാന മാർഗം തന്നെയുണ്ടാകിയെടുത്തവരുമുണ്ടായിരുന്നു. ഇത് വരെയായി 200 ഓളം കിറ്റുകൾ വിതരണം ചെയ്തു.
എങ്ങനെയാണ് ഷംന എംബ്രോയ്‌ഡറിയിലേക്ക് എത്തിപ്പെട്ടത് എന്നല്ലേ....
ഷംനയുടെ കഥ തീർത്തും വ്യത്യസ്തമാണ്.
"ഓർമ്മയിലൊന്നും സൂചിയും നൂലുമായി യാതൊരു നല്ല ബന്ധവും വെച്ചു പുലർത്തിയിട്ടില്ല. വീട്ടിലോ,കുടുംബത്തിലോ തുന്നുന്നവരായി ആരും തന്നെയില്ല. പക്ഷെ, ഈ കൊറോണയും-ലോക്ഡൗണും പുതിയൊരു തുടക്കത്തിന് കാരണമാവുകയാണ് ചെയ്തത്. വീട്ടിൽ വെറുതെ ഇരുന്ന് മടുത്തപ്പോഴാണ് പണ്ടെപ്പോഴോ അനിയന് സ്‌കൂൾ ആവശ്യത്തിനായി വാങ്ങി വെച്ച നൂലുകൾ ശ്രദ്ധയിൽപ്പെടുന്നത്. ലോക് ഡൗണിന്റെ വിരസതയിൽ നിന്ന് പുറത്തുകടയ്ക്കാനായി ചെയ്ത് നോക്കിയതാണ് ഈ എംബ്രോയ്‌ഡറി. ഒരു റോസാപ്പൂവാണ് ആദ്യം ചെയ്ത് നോക്കിയത്. യൂട്യൂബ് നോക്കിയാണ് തുന്നൽ രീതികൾ വശത്താക്കിയത്."
മെല്ലെ മെല്ലെ എംബ്രോയ്‌ഡറി ഒരു ലഹരിയായി മാറുകയായിരുന്നു ഷംനയ്ക്ക്. അങ്ങനെയവൾ കൂടുതൽ താൽപ്പര്യത്തോടെ, ഇഷ്ടത്തോടെ കൈ മെയ് മറന്ന് തുന്നാൻ തുടങ്ങി. കൂടുതൽ നൂലുകളും, ഹൂപ്പുകളും(എംബ്രോയിഡറി ചെയ്യാൻ ഉപയോഗിക്കുന്നത്) വാങ്ങിച്ചു. സന്തോഷത്തിനായി ഫേസ്ബുക്കിൽ പങ്കുവെച്ച എംബ്രോയ്‌ഡറിയുടെ ചിത്രങ്ങൾക്ക് നല്ല പ്രതികരണം ലഭിച്ചു.
ഒരു കൂട്ടുകാരി തന്നെ ആദ്യത്തെ ഓർഡർ തന്നു. പിണറായി സഖാവിന്റെ ഒരു പോർട്രൈറ്റ് ചെയ്തതോടെ തുടർന്നും ആവശ്യക്കാരേറി വന്നു. ഏകദേശം
ഒരു വർക് ചെയ്യാൻ ചുരുങ്ങിയത് രണ്ട് ദിവസമെങ്കിലുമെടുക്കും. എന്റെ അമ്മയ്ക്ക് വേണ്ടി, അച്ഛന് വേണ്ടി പങ്കാളിയ്ക്ക് വേണ്ടി, സഹോദരിയ്ക്ക് വേണ്ടി, സുഹൃത്തിന് വേണ്ടി തുടങ്ങി വേണ്ടപ്പെട്ടവർക്ക് വേണ്ടി സമ്മാനങ്ങൾ കൊടുക്കാനായി ഇഷ്ട്ടപ്പെടുന്ന അനേകമനേകം ആൾക്കാർ.
ഇന്ന് വരെ വേണ്ടപ്പെട്ടവരുടേയും, എന്തിന് സ്വന്തം ജന്മദിനംപോലും ഓർത്തു വെക്കാൻ ശ്രമിച്ചിട്ടില്ലാത്ത ആളാണ് ഞാൻ ആ എന്നെയാണ് ഇത്തരത്തിൽ വേണ്ടപ്പെട്ടവർക്ക് സമ്മാനങ്ങൾ കൊടുക്കാനിഷ്ട്ടപ്പെടുന്ന മനുഷ്യർ ഞെട്ടിച്ചു കളഞ്ഞത്.അവരിൽ നിന്ന് ഞാനും പലതും പഠിക്കുകയായിരുന്നു" ഷംന കൂട്ടിച്ചേർക്കുന്നു.
പിറന്നാളിനും, വിവാഹവാർഷികത്തിനും, വീടു താമസത്തിനും, കാരണങ്ങളൊന്നുമില്ലാതെ പ്രിയപ്പെട്ടവർക്ക് സർപ്രൈസ് ഗിഫ്റ്റ് കൊടുക്കാനും, സ്വന്തം സന്തോഷത്തിന് സ്വന്തം പോർട്രൈറ്റ് ചെയ്യിപ്പിക്കാനും തുടങ്ങി അനേകമനേകം ആവശ്യങ്ങൾക്കായി ഷംനയേ സമീപിക്കുന്നവരുണ്ട്.
സ്കാൻ ചെയ്താൽ പാട്ട് കേൾക്കാവുന്ന ഇന്ററാക്ടിവ് മ്യൂസിക്കൽ ഹൂപും തുണിയിൽ തുന്നിയ ഓണപ്പൂക്കളവും ഊഞ്ഞാലാട്ടവും ഒക്കെയാണ് ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്നത്.14 ഇഞ്ച് ഫ്രെയിമിൽ ചെയ്ത ഒരു ഫാമിലി പടമാണ് ഏറ്റവും സമയമെടുത്ത് പൂർത്തോയാക്കിയ വർക്ക്. ഒരാഴ്ചയോളം സമയമെടുത്തു അത് പൂർത്തിയാക്കാൻ.
അഞ്ചര മാസം കൊണ്ട് 160 ഓളം കസ്റ്റമൈസ്ഡ് വർക്കുകൾ ചെയ്തു.
എന്നാൽ സാധാരണ എംബ്രോയ്‌ഡറി ആർട്ടിസ്റ്റുകളെ പോലെ തുണിയിൽ മാത്രമല്ല ഷംനയുടെ നൂലുകൾ ഇടം പിടിക്കുന്നത്. മരത്തടിയിലും, പോസ്റ്റ് കാർഡിലും, ഇലയിലും അരിപ്പകളിലും പെന്ഡന്റ്ലും വരെ തുന്നി വ്യത്യസ്തത തേടി പോകാറുണ്ട് ഷംന. കാരണം "ആളുകൾക്കെന്നും പുതുമ കാണാനാണിഷ്ട്ടം" ഷംന പറയുന്നു.
ആത്മവിശ്വാസം കൈമുതലാക്കിക്കൊണ്ട് ഷംന കണ്ടെത്തിയ വഴി ഒരു ഹോബി ഇപ്പോൾ അവളുടെ ഏറ്റവും വലിയ വരുമാനമാർഗമായിരിക്കുകയാണ്.
മലപ്പുറം ജില്ലയിലെ കിഴുപറമ്പ സ്വദേശിയാണ് ഷംന.
MSW യിൽ പോസ്റ്റ് ഗ്രാജുവേഷന് ശേഷം കൗൺസിലറായി ജോലി ചെയ്തു. ഇപ്പോൾ കേരള സ്കിൽ ടെവേലോപ്മെന്റ്റ് പ്രൊജക്റ്റ് ആയ അസാപ് ൽ സ്കിൽ ട്രൈനെറായി വർക് ചെയ്യുന്നതോടൊപ്പം M.A സൈക്കോളജിയിൽ പിജി ചെയ്യുന്നു.









