Hot Posts

6/recent/ticker-posts

കോട്ടയം മുതുകോരമലയിൽ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം.! ദിശാബോര്‍ഡുകള്‍ പിഴുതെറിഞ്ഞ് നശിപ്പിച്ചു



കോട്ടയം: വന്‍വിനോദസഞ്ചാര സാധ്യതകളുമായി വികസിച്ചു വരുന്ന മുതുകോര ടൂറിസം മേഖലയിലേക്കുള്ള ദിശാബോര്‍ഡുകള്‍ പിഴുതെറിഞ്ഞ് നശിപ്പിച്ചു സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം. കുന്നോന്നി-ഈന്തുംപളളി പ്രധാന സഞ്ചാരപാതയേയും ദൂരത്തേയും സൂചിപ്പിച്ച് പൂഞ്ഞാറിലെ കുളത്തുംങ്കല്‍ ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകളാണ് സാമൂഹ്യവിരുദ്ധരുടെ നശിപ്പിക്കലിന് ഇരയായത്. 
കുന്നോന്നി-ഈന്തുംപള്ളി വഴി പ്രതിദിനം നൂറ് കണക്കിനാളുകളും വാഹനങ്ങളുമാണ് മുതുകോര ടൂറിസം മേഖലയിലേക്ക് എത്തിക്കൊണ്ടിരുന്നത്. ഈ വഴി പോയാല്‍ മുതുകോര ടോപ്പിലേക്ക് റോഡ് മാര്‍ഗ്ഗം എത്തിച്ചേരാം.
കൂടാതെ ഈന്തുംപള്ളിയിലേയും, പ്ലാപ്പള്ളിയിലേയും നയനാനന്ദകരമായ കാഴ്ചകളും കാണാം. കുന്നോന്നി '0' പോയിന്റിലെത്തിയാല്‍ സഞ്ചാരികള്‍ക്ക് മുതുകോര മലയുടെ യഥാര്‍ത്ഥ മനോഹാരിത കണ്‍കുളിര്‍ക്കെ ആസ്വദിച്ച് യാത്രയും തുടരാം. 
ദിശാ ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ടതുകൊണ്ട് ദൂരദേശത്തുനിന്നും എത്തുന്നവര്‍ നിലാവത്തഴിച്ചുവിട്ട കോഴികളെപ്പോലെ ദിശതെറ്റി ദുര്‍ഘടവഴികളിലൂടെ പോകുന്നുണ്ട്. ഇത് മുതുകോര ടൂറിസത്തെ കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ട്. 
ദിശാബോര്‍ഡ് നശിപ്പിക്കലിനെതിരെ മുതുകോര ഇക്കോടൂറിസം അസോസിയേഷന്‍ അടിയന്തിരമായി നടത്തിയ പ്രതിഷേധ യോഗത്തില്‍ പ്രസിഡന്റ് പ്രസാദ് കുരുവിള അധ്യക്ഷത വഹിച്ചു. രാജേഷ് കുഴിപറമ്പില്‍, ജാന്‍സ് വയലിക്കുന്നേല്‍, ലെല്‍സ് വയലിക്കുന്നേല്‍, രാജീഷ് പുതുവമ്പില്‍, ജോസ് ഇളംതുരുത്തിയില്‍, മോഹനന്‍ അമ്പുഴത്തിനാകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. 
Reactions