Hot Posts

6/recent/ticker-posts

അനിഖ സുരേന്ദ്രന്റെ വൈറലായ കോസ്റ്റ്യൂമിനു പിന്നിലെ കുഞ്ഞു ഫാഷൻ ഡിസൈനർ : സംഗീത സിദ്ധാർഥ് മനസ്സ് തുറക്കുന്നു




ഇതാണ് സംഗീത സിദ്ധാർത്ഥ്. കോഴിക്കോട് ചാലിയം സ്വദേശി. ആഗ്രഹങ്ങൾക്കപ്പുറത്ത് ഒരു പരുന്തും പറക്കില്ലെന്നു കഠിനാദ്ധ്വാനം കൊണ്ട് തെളിയിച്ചവൾ. ഇരുപതാം വയസ്സിൽ തന്റേതായ ഒരു സ്റ്റാർട്ടപ്പ് തുടങ്ങി. വീട്ടിൽ തന്നെ ഒരു  ചെറിയ  ബൊട്ടീക്. . അതിനു "സിദ്‌വാഹ്"‌ എന്നവൾ പേരുമിട്ടു.  അർപ്പണ മനോഭാവം കൊണ്ടും ശുഭാപ്തി വിശ്വാസം കൊണ്ടും ഇന്ന് ഇൻസ്റ്റയിൽ അയ്യായിരത്തിലധികം ഫോള്ളോവെഴ്‌സുമായ്‌ മുന്നേറുകയാണ് സംഗീതയുടെ സിധ്‌വ (sidhvaah ) എന്ന പേജ്. വെറും 6 മാസം കൊണ്ടാണ് സംഗീത തന്റെ സംരംഭത്തെ ഇന്നീ കാണുന്ന നിലയിലെത്തിച്ചിരിക്കുന്നത്. ഒരുപാട് കൗമാരക്കാർക്ക് പ്രചോദനം നല്കുന്നതാണ് സംഗീതയുടെ ഈ വിജയം.

 "പ്ലസ് ടൂ കഴിഞ്ഞിട്ട് ബി.എ ഇംഗ്ലീഷിൽ ബിരുദമെടുക്കാനായിരുന്നു ആഗ്രഹിച്ചത് പക്ഷെ ഏറെ കാത്തിരുന്നിട്ടും ഗവണ്മെന്റ് കോളേജിൽ അഡ്മിഷൻ കിട്ടിയില്ല. അങ്ങനെ എന്റെ നിർബന്ധത്തിനു വഴങ്ങി അച്ഛന് എന്നെ പ്രൈവറ്റ് കോളേജിൽ ചേർക്കേണ്ടി വന്നു. അവിടെ ഫീസ് നല്ലൊരു സംഖ്യ ഉണ്ടായിരുന്നു. അച്ഛൻ കൊറേ കഷ്ടപ്പെടുന്നത് കാണുമ്പോഴെല്ലാം വല്ലാത്ത മനഃപ്രയാസമായിരുന്നു. ബസ് കാശ് വാങ്ങുന്നത് വരെ എനിയ്ക്ക് ചടപ്പായി. സ്വന്തായിട്ട് എന്തേലും ചെയ്യണം എന്ന തോന്നൽ അങ്ങനെ മനസ്സിൽ കയറിക്കൂടി ആ സമയത്താണ് വല്യമ്മയുടെ വീട്ടിൽ നിൽക്കാൻ പോയത്.  അവിടെയും തയ്യൽ മെഷീനുണ്ട്. അന്നാദ്യമായി എനിയ്ക്ക്  തയ്യൽ മെഷീനോട് പ്രണയം തോന്നി."

അതിനെ തൊട്ടും തലോടിയും നിൽക്കുന്നത് കണ്ടപ്പോൾ വല്യമ്മയാണ് കുറച്ചു പഴയ തുണിയവൾക്ക് കൊണ്ട് കൊടുത്ത് തയ്ച്ചു നോക്കെന്നും പറഞ്ഞത്. അന്നവൾ സ്വന്തം വീട്ടിലെത്തിയത് തയ്ക്കാനുള്ള അഭിനിവേശവും കൊണ്ടാണ്. കുടുംബത്തിലെല്ലാവരും തയ്ക്കുന്നവർ. വീട്ടിലാണേൽ അമ്മയ്ക്ക് മെഷീനുമുണ്ട്. എന്നിട്ടും വസ്ത്രങ്ങൾ തയ്ച്ചിടുന്നതിനോട് പോലും താൽപ്പ്പര്യമില്ലായിരുന്നു.  ഒരിക്കൽ പോലും തയ്യൽ പഠിക്കണമെന്നോ, മെഷീൻ ഒന്ന്  ചവിട്ടി നോക്കണമെന്നോ എന്നവൾക്ക് തോന്നിയിരുന്നില്ല.  പിന്നെ ക്രമേണ ആ ഇഷ്ടക്കേട് മാറി ഇഷ്ട്ടമാവുകയായിരുന്നു. വെട്ടിയും, തുണിയും നൂൽ ചേർത്തും അവൾ തുണികൾകൊണ്ടൊരു ലോകം തന്നെ തീർത്തു. എംബ്രോയ്ഡറിയും, ഗ്ലാസ് വർക്കും എല്ലാം അവളൊറ്റയ്ക്ക് തന്നെ പഠിച്ചു തുടങ്ങി. സ്വന്തമായി തുന്നിയിട്ട ഉടുപ്പിട്ട് കോളേജിലൊക്കെ പോയി  സ്റ്റാർ ആയി. അവളുടെ തയ്ക്കാനുള്ള മികവ് കണ്ടു കൂട്ടുകാരികൾ ഓർഡർ കൊടുക്കാൻ തുടങ്ങി അങ്ങനെ ആ ഡിഗ്രി കാലം തൊട്ട് അവളുടെ ഫീസ് ഒഴികെയുള്ള മറ്റൊരു കാര്യത്തിനും അവൾക്ക് അച്ഛനെ ആശ്രയിക്കേണ്ടി വന്നില്ല. അവൾക്ക് വേണ്ട പോക്കറ്റ് മണി അവൾ തന്നെ സമ്പാദിച്ചു തുടങ്ങി. ആഗ്രഹിച്ച രീതിയിലുള്ള സപ്പോർട്ട് ഒന്നും തനിക്ക് വീട്ടിൽ നിന്ന് കിട്ടിയിരുന്നില്ല എന്ന് തുറന്നു പറയുന്നു സംഗീത. 

"ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ വന്നപ്പോൾ തളർന്നു പോകുമെന്നുറപ്പായിടത്തു നിന്നും എന്നെ തിരിച്ചു കൊണ്ടുവന്നത് എന്റെ മെഷീനാണ്. എന്റെ കസ്റ്റമേഴ്സ് ആണ്. എന്റെ കസ്റ്റമേഴ്സ് എല്ലാം എനിയ്ക്ക് കൂടപ്പിറപ്പുകളെ പോലെയായിരുന്നു ഓരോ വർക്ക് ചെയ്യുമ്പോഴും അത്രേം ഇഷ്ട്ടത്തോടെയാണ് ചെയ്യാനിരിക്കുക. പിന്നെ പിന്നെ പൈസക്ക് വേണ്ടിയല്ലാതെ എനിയ്ക്ക് വേണ്ടി എന്റെ സന്തോഷത്തിനു വേണ്ടി തയ്ച്ചു തുടങ്ങി." 

ലഭിച്ച സന്തോഷങ്ങളെയും സൗഭാഗ്യങ്ങളെയും കുറിച്ച് ചോദിക്കുമ്പോൾ സംഗീതയ്ക്ക് ദൈവം ആയിട്ട് തന്ന ഒരു കച്ചി തുരുമ്പാണിതെന്നാണ് പറയാനുള്ളത്. വല്ലാത്ത ദൈവ വിശ്വാസിയാണ് സംഗീത. ആരും കൂട്ടിനില്ലാതിരുന്ന സമയങ്ങളിലെല്ലാം ദൈവമാണ് തനിയ്ക്ക് ആശ്വാസമേകിയത്  സംഗീത  സംസാരിക്കുന്നു.

സിധ്‌വയെക്കുറിച്ച്....ആ പേരിലേക്ക് എത്തിയതിനേക്കുറിച്ച് ?

എന്നെ എന്റെ  സിധ്‌വയെ വളർത്തിയതെന്റെ കൂട്ടുകാരാണ്‌. കുഞ്ഞു കുഞ്ഞു വർക്കുകൾ ഏൽപ്പിച്ചുകൊണ്ട് എന്നിലേ ഫാഷൻ ഡിസൈനർക്കു വേണ്ട വെള്ളവും വളവും തന്ന് എനിയ്ക്ക് കോൺഫിഡൻസ് നൽകിയതിൽ അവരുടെ പങ്കാണ് ഏറെയും. മെഹ്ജബീൻ എന്റെ ഏറ്റവും അടുത്ത ഫ്രണ്ടാണ്. അവളാണ് എന്റെ കഴിവ് തിരിച്ചറിഞ്ഞിട്ട് എനിയ്ക്ക് വേണ്ട എല്ലാ പിന്തുണയും ആദ്യം തന്നത്. അവളുടെ വീട്ടിലുള്ള സാരി- ഷോൾ ഒക്കെ അവള് കൊണ്ട് തന്നിട്ടുണ്ട് . പുതിയ മെറ്റീരിയൽ എടുത്ത് ചെയ്യാനുള്ള പ്രേരണയും അവൾ തന്നെയായിരുന്നു. അവളെക്കുറിച്ചു പറഞ്ഞില്ലെങ്കിൽ സിധ്‌വ ഇല്ല. 

പിന്നെ എന്റെ ഒരു ഫ്രണ്ട് തന്നെയാണ്  ആദ്യമായി എനിക്കൊരു വല്യ ഓർഡർ തരുന്നത്. ഒരു കല്യാണത്തിനുള്ള ഡ്രസ്സ് കോഡ് ആയിരുന്നു അത്. 20 പേരുടെ ഡ്രസ്സുകൾ അതിൽ 1 വയസ്സുള്ള കുട്ടി മുതൽ ഗർഭിണി ആയ സ്ത്രീകൾ വരെ ഉണ്ടായിരുന്നു. ഒരു തുടക്കകാരിയായിരുന്ന എന്നെ സംബന്ധിച്ചിടത്തോളം അതൊരു ചലഞ്ചിങ് വർക് തന്നെയായിരുന്നു. അന്നൊന്നും മെഷീന് മോട്ടർ വെച്ചിട്ടില്ല ഞാനൊരാൾ തന്നെയാണ് ചവിട്ടി ചവിട്ടി രണ്ടാഴ്ചകൊണ്ടതൊക്കെ തയ്ച്ചു തീർത്തത്. എന്റെ കരിയറിന്റെ തുടക്കത്തിലേ ഏറ്റവും വല്യ എമൗണ്ട്‌ ഞാൻ കൈപ്പറ്റിയത് ആ വർക്കിലൂടെയാണ്. അങ്ങനെയായാണ് ഞാൻ എനിയ്ക്കൊരു ഫോൺ വാങ്ങുന്നതും. സിധ്‌വയോടൊപ്പം ഞാനും വളരുകയായിരുന്നു. സിധ്‌വ എന്ന പേരിട്ടത്  ഞാൻ തന്നെയാണ് അച്ഛന്റെ പേര് സിദ്ധാർത്ഥ്  അമ്മ വനജ. രണ്ടുപേരുടെയും പേരിന്റെ തുടക്കം വെച്ചാണ്  "സിധ് വ" ഉണ്ടായത്. പിന്നെ എനിക്കൊരു അനിയത്തിയുണ്ട് ശ്രുതി ലയ അവളെനിയ്ക്ക് സപ്പോർട്ടാണ് അവളുടേതായ അഭിപ്രായങ്ങൾ അവളെന്നോട് പങ്കു വെക്കാറുണ്ട്. ചില തിരക്ക് പിടിച്ചു ഞാൻ ജോലി ചെയ്യുന്ന സമയത്ത് അവളും അമ്മയും ഇടയ്ക്കെന്നെ സഹായിക്കാറുമുണ്ട്.




സംഗീതയുടെ സുഹൃത്ത് വലയത്തിൽ രാജേഷ്- ചിന്നു, ഹിമ- സുമിത്ത്, ആമി തുടങ്ങിയ അനേകം ടിക് ടോക്കേർസ് ഉണ്ട്. എങ്ങനെയാണ് ഇവരെയൊക്കെ പരിചയപ്പെടുന്നത്? അവർക്ക് വേണ്ടിയിട്ടുള്ള കോസ്റ്റ്യൂമൊക്കെ ചെയ്‌ത്‌ തുടങ്ങിയത് ?

ഈ പറഞ്ഞവരൊക്കെ എനിക്കിപ്പോ എന്റെ സ്വന്തം കൂടപ്പിറപ്പുകൾ പോലെയാണ്. അവരെ പരിചയപ്പെടുന്നത് എങ്ങനെയാണെന്ന് വെച്ചാൽ ഞാൻ പണ്ടേ ടിക് ടോക് ഒക്കെ കണ്ട് ഇവരുടെയൊക്കെ ഫാൻ ആണ്. ആ സമയത്ത് എനിക്ക് "ഹ്യൂസ് ക്യാപ്ച്ചറർ" എന്നൊരു ഇൻസ്റ്റാ പേജ് ഉണ്ടായിരുന്നു. അതിൽ ഇവരുടെ പലരുടെയും ഫോട്ടോ ഞാൻ എഡിറ്റ് ചെയ്തിടും . അന്നും ഇന്നും എഡിറ്റിങ്ങിനോട് വല്ലാത്തൊരു ഭ്രമമാണ്. അതിനു വേണ്ടി പറ്റിയ ആപ്പുകൾ കണ്ട് പിടിയ്ക്കും അതിലൂടെ ചെയ്‌ത്‌ നോക്കും. അങ്ങനെ ഞാൻ ഇവരുടെ ഫോട്ടോസിൽ ചിലതൊക്കെ എനിക്കറിയാവുന്ന രീതിയിൽ എഡിറ്റ് ചെയ്‌ത്‌ ഇടുമായിരുന്നു അതിന്റെ കൂടെ അവരെ മെൻഷനും ചെയ്യും. അങ്ങനെ അവര് ഞാൻ ഇടുന്നത് ശ്രദ്ധിയ്ക്കാൻ തുടങ്ങി. അതൊരു സൗഹൃദത്തിന്  കാരണമായി. ആമിക്കും, ചിന്നുവിനും ആണ് ഞാൻ ആദ്യം ചെയ്തത്. അവർക്ക് ഡ്രസ്സ് ചെയ്‌ത്‌ അയച്ചു കൊടുത്തപ്പോൾ അവരവരുടെ അകൗണ്ടിലൂടെ കോസ്റ്റ്യൂമിന് എന്റെ പേജ് മെൻഷൻ ചെയ്യാൻ തുടങ്ങി. അതെനിയ്ക്ക് ഒരുപാട് ഫോള്ളോവെഴ്സിനെ തന്നു. പിന്നെ അമല-അമൃത എന്ന കുട്ടികൾ എനിക്കവരെ എന്റെ ലക്കീ സ്റ്റാർസ് എന്ന് വിളിക്കാനാണ് ഇഷ്ട്ടം. വീണ്ടും അവര് എന്നെത്തന്നെ ഏൽപ്പിക്കുമ്പോൾ അതെനിക്ക് ഭയങ്കര സന്തോഷവും ഒപ്പം ആത്മവിശ്വാസവുമാണ് നൽകുന്നത്. 

ആളുകളിൽ നിന്നും എങ്ങനെയുള്ള പ്രതികരണവും, പിന്തുണയുമാണ് സിധ്‌വ തുടങ്ങിയപ്പോൾ സംഗീതയ്ക്ക് ലഭിച്ചത് ?

ദൈവം സഹായിച്ച് എനിക്കൊരു മോശം അനുഭവവും ഈ ഫീൽഡിലേക്ക് വന്നപ്പോ ഉണ്ടായിട്ടില്ല. വീട്ടിൽ നിന്നും യാതൊരു വിധ സപ്പോർട്ടും കിട്ടിയിരുന്നില്ല എങ്കിലും. ബാക്കിയെല്ലാവരും എനിയ്ക്ക് വേണ്ട സഹായങ്ങൾ ചെയ്തു തന്നിട്ടുണ്ട്. എനിയ്ക്ക്  മെറ്റീരിയൽ എത്തിച്ചു തരുന്ന  ചേട്ടനാണേലും , കൊറിയറിന്റെ ആളാണേലും, നൂല് തുടങ്ങിയ ക്രാഫ്റ്റ് ഐറ്റംസ് എത്തിച്ചു തരുന്നവരാണേലും എല്ലാരും എന്നെ നന്നായിട്ട് സഹായിച്ചിട്ടുണ്ട്. വീട്ടിലായിരുന്നിട്ട് പോലും ഇവരുടെയൊക്കെ സഹായം ഒന്ന് കൊണ്ട് മാത്രമാണ് ഇന്ന് കാണുന്ന നിലയിലേക്ക് എനിയ്ക്ക് ഈ ലോക് ഡൗൺ കാലയളവിലും സിധ്‌വയെ എത്തിക്കാനായത്. പിന്നെ എന്റെ മെഷീൻ അതെനിയ്ക്ക് വെറും മെഷീൻ മാത്രമല്ല എന്റെ കൂടപ്പിറപ്പായിരുന്നു. അതിൽ നിന്നും കിട്ടുന്ന സന്തോഷം ഷെയർ ചെയ്യാൻ പോലും എനിയ്ക്ക് ആരും ഉണ്ടായിരുന്നില്ല. 

ശെരിയ്ക്കും എന്റെ ഫാമിലി എന്ന് പറയുന്നത് എന്റെ കസ്റ്റമേഴ്സ് ആണ്.  ആരും സപ്പോർട്ടിന് വേണ്ട ജീവിക്കണമെന്ന ആഗ്രഹം നമ്മുടെയുള്ളിൽ ഉണ്ടായാൽ മാത്രം മതി. അങ്ങനെ ഒരു ദിവസം എന്റെ പേജ് ഒന്ന് നന്നാക്കണം എന്ന തോന്നൽ വന്നു ആ തോന്നലിൽ നിന്നാണ് ഓണത്തിന്റെ സമയത്ത് "പുഷ്പിത" എന്ന ഫോട്ടോഷോട്ട് സംഘടിപ്പിക്കുന്നത്. എന്റെ ഫ്രണ്ട് വഴി വന്ന ഒരു ഫോട്ടോഗ്രാഫറോട് ആറു ദിവസം മുമ്പാണ് ഷൂട്ടിന്റെ കാര്യം പറഞ്ഞു റെഡിയാക്കുന്നത്. അഞ്ചു പേർ ഉണ്ടെങ്കിൽ അത്  നന്നായിരിക്കും എന്നെനിക്ക് തോന്നി. അതിൽ ഒരു മോഡൽ എന്റെ അയൽവാസിയായിരുന്നു.




 5  മോഡൽസിനോടും അതിനെക്കുറിച്ചു സംസാരിച്ചു. അതിലേക്ക് വേണ്ട മെറ്റീരിയൽസും കടയിൽ നിന്ന് വീട്ടിലേക്കവർ എത്തിച്ചു തന്നു. അതിൽ തന്നെ 2 ഔട്ട് ഫിറ്റുകൾ തലേന്ന് രാത്രിയാണ് ഞാൻ അടിക്കുന്നത്. രാത്രി ഒരു 10  മണിയ്ക്ക് അടിയ്ക്കാനിരുന്നാൽ രാവിലെ ഒരു ആറു മണി ക്കായിരിക്കും ഞാൻ അടിച്ചു കഴിയാ. ആ രണ്ടു ദിവസം ഞാൻ ഉറങ്ങിയിട്ട് തന്നെയില്ല. അങ്ങനെ പുഷ്പിത ഷൂട്ടിന്റെ അന്ന് രാവിലെയാണ് ഞാൻ എല്ലാം അടിച്ചു കഴിഞ്ഞു  കുളിച്ചുമാറ്റി ഷൂട്ടിംഗ് സെറ്റിൽ എത്തുന്നത്. ആ ഒരൊറ്റ ഷൂട്ടിന് ശേഷം എനിയ്ക്ക് ദൈവം നല്ല അവസരങ്ങളെ കൊണ്ട് തന്നിട്ടുള്ളൂ. എന്റെ പേജ് കൂടുതൽ റീച് ആവാൻ തുടങ്ങിയത് ആ ഒരൊറ്റ  ഫോട്ടോഷൂട്ടിലൂടെയാണ്. സിധ്‌വയിലൂടെ  എനിയ്ക്ക് കുറെ ബന്ധങ്ങൾ കിട്ടിയിട്ടുണ്ട്. പൈസനേക്കാളും വലുത് എനിക്കിപ്പോ ആ ബന്ധങ്ങളാണ്.



അനിഖ സുരേന്ദ്രന്റെ ഈ അടുത്ത് വൈറൽ ആയ ഫോട്ടോഷൂട്ട്  ആണ്  "വേട്ടക്കാരി". അതിലെ സൂസൻ പെവൻസിയെ പ്രതിഫലിപ്പിക്കുന്ന രീതിയിലുള്ള അനിഖയുടെ കോസ്റ്റ്യുമിന് പിന്നിൽ സംഗീതയാണെന്ന് എത്ര പേർ അറിഞ്ഞിട്ടുണ്ടാവും. എങ്ങനെയാണ് ആ ഫോട്ടോഷൂട്ടിലേക്ക് എത്തിപ്പെടുന്നത്?

എന്റെ ഏറ്റവും വലിയ അച്ചീവ്‌മെന്റ് ആയിട്ടാണ് ഞാൻ ആ വർക്കിനെ കണക്കാക്കുന്നത്. മേക്ക് അപ്പ് ആർട്ടിസ്റ്റ് ആയ സഫാനത്ത വഴിയാണ് എനിയ്ക്ക് ആ വർക്ക് കിട്ടുന്നത് എന്റെ പുഷ്പിതയുടെ മേക്കപ്പ് ഇത്താത്ത ആയിരുന്നു. അന്ന് തൊട്ടു തുടങ്ങിയ ബന്ധമാണ്. ഇപ്പോൾ രക്ത ബന്ധത്തെക്കാൾ വിലമതിയ്ക്കാനാവാത്തതാണ് എനിയ്ക്ക് ഇത്തയുമായുള്ള ബന്ധം. ഇത്തവഴിയാണ് എനിയ്ക്ക് അനിഖയുടെ വർക്ക് കിട്ടുന്നത്. ആദ്യം കിട്ടിയ വർക്ക് കോഴിക്കോടുള്ള വേറൊരു ബൊട്ടീക് കൊണ്ട് പോയി. അതെനിയ്ക്ക് നല്ല സങ്കടം ഉണ്ടാക്കി. ഒരു കൊളാബ് പോയിട്ടും ഞാൻ അത്രേം സങ്കടപ്പെട്ടിട്ടില്ല. കാരണം ഇപ്പോൾ ഏതൊരു ഫാഷൻ ഡിസൈനറും കൊതിക്കുന്നത് അനിഖയെ പോലുള്ളവരുടെ കൂടെയുള്ള ഫോട്ടോഷൂട്ട്.  പക്ഷെ ആ ഒരു വർക് പോയതിനു എനിക്ക് അനിഖയുടെ രണ്ട് വർക് കിട്ടി. ഒന്ന് വേട്ടക്കാരി ആയിരുന്നു തീം. മറ്റൊന്ന് ഒരു ജൂതപ്പെൺകുട്ടിയുടേതും. ബിനുസീൻസ് ഫോട്ടോഗ്രാഫി ആയിരുന്നു അത്. അദ്ദേഹവും, മേക്കപ്പ് ആർട്ടിസ്റ്റും എല്ലാരും നല്ല ഫോള്ളോവെഴ്‌സുള്ളവർ ഞാനോ വെറും ഒരു സ്റ്റാട്ടറും. എനിയ്ക്ക് നല്ല ടെൻഷനുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഞാൻ തുടക്കകാരിയാണെന്ന കാര്യം ഞാൻ  അവരോടു പറഞ്ഞില്ല. അവസരം നഷ്ട്ടപ്പെട്ടാലോ എന്ന പേടിയായിരുന്നു എനിയ്ക്ക്. 

കോട്ടയത്തുള്ള ഫോട്ടോഗ്രാഫറും ടീമും എന്റെ നാട്ടിൽ വന്നിട്ട് വളരെ കഷ്ട്ടപെട്ട് ചെയ്യുന്ന ഫോട്ടോഷൂട്ട് ആയതു കൊണ്ട് തന്നെ ഔട്ട് ഫിറ്റ് നന്നാവാനായി എന്റെ മാക്സിമം ഞാൻ ശ്രമിച്ചിരുന്നു. ഷൂട്ട് കഴിഞ്ഞിട്ട് സാർ 100 % വർക്കിൽ തൃപ്തനാണെന്ന് വിളിച്ചു പറഞ്ഞു. അപ്പോഴാണ് സമാധാനമായത് . സാറിനോട് ഞാൻ സ്റ്റാർട്ടർ ആണെന്ന് തുറന്നു പറയുന്നത്. എന്നാൽ സാറിന്റെ മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു. 'സ്റ്റാർട്ടർ ആണെന്ന് ഒന്നും തോന്നൂല വർക് ഒക്കെ അടിപൊളിയാണെന്ന് ' സാർ പറഞ്ഞപ്പോ എനിക്കൊരു അവാർഡ് കിട്ടിയ ഫീൽ ആയിരുന്നു. പിന്നെ എന്റെ ഷോപ്പ് എവിടെയാണെന്നും സാർ ചോദിച്ചിരുന്നു. ഷോപ്പില്ല ഞാൻ എന്റെ വീട്ടിൽ വെച്ചിട്ടു തന്നെയാണ് ചെയ്യുന്നതൊക്കെയും എന്ന് പറഞ്ഞു. അതിനിടയിൽ എനിക്ക് വേറെയും വർക്കുകൾ ഉണ്ടായിരുന്നു. കുറെ ദിവസങ്ങൾ ഊണും ഉറക്കവുമില്ലാതെയാണ് പലതും ചെയ്തു കൊടുത്തത്. പക്ഷെ ക്ഷീണമോ തളർച്ചയോ എന്നെ ബാധിച്ചിരുന്നില്ല എവിടെന്നോ ഒരു ഊർജ്ജം എനിക്കൊപ്പമുണ്ടായിരുന്നു. ഒരു ദിവസമാണ് അനിഖയുടെ കോസ്റ്റ്യൂം ചെയ്യാൻ എടുത്തത്. എന്റെ അമ്മയ്ക്ക് വരെ ടെൻഷൻ ഉണ്ടായിരുന്നു ഇത് കഴിയോ എന്ന് പക്ഷെ എനിയ്ക്ക് എന്നെ വിശ്വാസമായിരുന്നു. ആ വിശ്വാസമാണ് എന്നെ ഇപ്പോളും മുന്നോട്ട് നയിക്കുന്നത്. 



പുതിയ വർക്കുകൾ ?

ഞാൻ പ്രകാശനിലെ ദേവിക സഞ്ജയുടെ ഒരു ഫോട്ടോ ഷൂട്ട് കഴിഞ്ഞിട്ടുണ്ട്. അടുത്തതായി ചെയ്യാൻ  പോണത് 916 ഫിലിം ഫെയിം മാളവികയുമായുള്ള ഫോട്ടോഷൂട്ട് ആണ്. 

ഇനി മനസ്സിലുള്ള ആഗ്രഹങ്ങൾ ?

എത്രയും പെട്ടെന്ന് ഒരു ബൊട്ടീക് ഇടണമെന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. പിന്നെ സിനിമ മേഖലയിലേക്കും ചുവടു വെയ്ക്കണമെന്ന് അതിയായ മോഹമുണ്ട്. ഇനിയുമൊരുപാട് സെലിബ്രിറ്റീസിന്റെ കോസ്റ്റ്യൂം ചെയ്യാൻ കഴിയണേ എന്നും.

സ്റ്റാർട്ടേസിനോട് ഒരു സ്റ്റാർട്ടർ എന്ന നിലയിൽ സംഗീതയ്ക്കു പറയാനുള്ളത് എന്താണ് ?

എന്നാൽ കഴിയുന്ന വിധത്തിൽ ഞാൻ സഹായം ചോദിച്ചു വരുന്നവരെ സപ്പോർട്ട് ചെയ്യാറുണ്ട്. കാരണം എനിയ്ക്ക് തുടക്കത്തിൽ ആഗ്രഹിച്ച രീതിയിൽ സപ്പോർട്ട് കിട്ടിയിരുന്നില്ല അതുകൊണ്ട് എനിക്കും കഴിയും പോലെ ഞാൻ പലർക്കും ചെയ്തു കൊടുക്കാറുണ്ട്. ഞാൻ കാരണം 4  പേർ ഇതേ ഫീൽഡിലേക്ക് വന്നവരുണ്ട്. അതെന്നെ സംബന്ധിച്ചു വളരെ സന്തോഷം നൽകുന്ന കാര്യമാണ്. 


എനിയ്ക്ക് എന്നെ പോലെയുള്ളവരോട് പറയാനുള്ളത്," എന്നെ ആരും പുഷ് ചെയ്തിട്ടോ, സപ്പോർട്ട് ചെയ്തിട്ടോ അല്ല ഞാനിവിടെ എത്തിയത്. ഫാഷൻ  ഡിസൈൻ പഠിച്ചിട്ടുമില്ല. എനിക്കൊരു കാരണമുണ്ടായിരുന്നു. എന്നെ ജീവിയ്ക്കാൻ പ്രേരിപ്പിക്കുന്ന ഒന്ന്. ഇൻസ്റ്റഗ്രാമും, ഗൂഗിളും തന്നെയായിരുന്നു എന്റെ ഗുരു. നമ്മുടെ ഉള്ളിലെ കഴിവിനെ കണ്ടെത്തി അത് പരിപോഷിപ്പിച്ചു നമ്മൾ തന്നെ വളർത്തിയെടുക്കണം. അത് നമ്മുടെ ആവശ്യമാണ്. ആരും നമുക്ക് ഒന്നും കൊണ്ട് തരൂല. കിട്ടുന്ന വരെ പരിശ്രമിച്ചു കൊണ്ടിരിക്കുക. ആരോടും വാശിയോ പകരം വീട്ടാലോ ഒന്നുമല്ല അത്. തളർത്താൻ ഒരുപാട് പേർ കാണും. ഒന്നിലേക്കും മനസ്സു കൊടുക്കാത്തിരിക്കുന്നതാണ് നല്ലത്. നമ്മൾ നമ്മളായിട്ട് തന്നെ നിലനില്ക്കാ. മാക്സിമം നേടേണ്ട കാര്യത്തെ കുറിച്ച് റീസെർച് ചെയ്യുക. ആരെയും കോപ്പി ചെയ്യരുത് റെഫർ ചെയ്യാം എന്ന്നിട്ട് അതിൽ നമ്മളുടേതായ ഒരു സിഗ്നേച്ചർ പതിപ്പിക്കാൻ ആവണം.
എനിക്കിപ്പോൾ സിധ്‌വ വെറുമൊരു ബിസിനസ്സല്ല. അതിനുവേണ്ടിയാണ് ഞാൻ ജീവിക്കുന്നത് തന്നെ. ഒരു വീഴ്ചയിൽ ഒരു ഉയർച്ചയുണ്ടാകുമെന്ന് എന്റെ ജീവിതം കൊണ്ട് തന്നെ ഞാൻ പഠിച്ചു.

അമ്മയും അച്ഛനും അനിയത്തിയുമടങ്ങുന്നതാണ് സംഗീതയുടെ കുടുംബം. എം. എ ഇംഗ്ലീഷിൽ  രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് സംഗീതയിപ്പോൾ. 

ലേഖിക : കാമില കലാം 






Reactions